സ്വന്തം രാജ്യത്തിന്റെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രം നിരോധിച്ച് പാകിസ്ഥാന്‍

2023ലെ ഓസ്‌കര്‍ ഔദ്യോഗിക എന്‍ട്രിയായ ‘ജോയ്‌ലാന്‍ഡ്’ സിനിമയുടെ പ്രദര്‍ശനം നിരോധിച്ച് പാകിസ്ഥാന്‍. സലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജോയ്‌ലാന്‍ഡ്. ഓഗസ്റ്റ് 17ന് ആയിരുന്നു ചിത്രത്തിന് പാക് സര്‍ക്കാര്‍ ജോയ്‌ലാന്‍ഡിന് പ്രദര്‍ശനാനുമതി നല്‍കിയത്.

ഇതോടെയാണ് ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കാനുള്ള കാരണമായി പറയുന്നത്.

നവംബര്‍ 18ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. ഒരു കുടുംബത്തിലെ ഇളയമകനായ നായകന്‍ ഒരു ഡാന്‍സ് തിയേറ്ററില്‍ രഹസ്യമായി ചേരുന്നതും ട്രാന്‍സ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്‌ലാന്‍ഡ്. മേളയിലെ ക്വീര്‍ പാം പുരസ്‌കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാന്‍ ചലച്ചിത്രമേളകളിലും ജോയ്‌ലാന്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു.