സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. സംവിധായകന്‍ വിനയന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹര്‍ജിയിലുണ്ട്.

സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപിച്ച് സംവിധായകന്‍ വിനയനാണ് ആദ്യം രംഗത്തെത്തിയത്.

ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെന്‍സി ഗ്രിഗറി എന്നിവര്‍ രഞ്ജിത്ത് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ടുവെന്ന് പറയുന്നു ഓഡിയോയും പുറത്തു വന്നിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കില്‍ സംവിധായകന്‍ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. അതേസമയം, വിവാദങ്ങളോട് പ്രതികരിക്കാന്‍ ഉദ്ദേശമില്ലെന്ന് രഞ്ജിത്ത് മാതൃഭൂമിയോട് പ്രതികരിച്ചു.