സ്വാഗതം അമിത് ഷായ്ക്ക്, എന്നാല്‍ പോസ്റ്ററില്‍ സംവിധായകന്‍ സന്താനഭാരതി; വിവാദമാകുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളില്‍ സംവിധായകനും നടനുമായ സന്താനഭാരതിയുടെ ചിത്രങ്ങള്‍. റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകളാണ് വിവാദത്തിലായിരിക്കുന്നത്. ‘ഗുണ’ സിനിമയുടെ സംവിധായകന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് പലരും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. 56ാമത് സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ എത്തിയത്.

‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’ എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരുമുണ്ട്. എന്നാല്‍ ഈ പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്വമില്ലെന്നും അരുള്‍മൊഴി പറഞ്ഞു.

ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നും അരുള്‍ മൊഴി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിജെപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സന്താനഭാരതി പ്രതികരിച്ചിട്ടില്ല.

Read more