ആരാധകര്‍ വില്ലനൊപ്പം.. പ്രഭാസിന്റെ വില്ലനാകാന്‍ ഡോണ്‍ലീ; കൊറിയന്‍ താരം എത്തുന്നത് ഈ ചിത്രത്തില്‍, അപ്‌ഡേറ്റ് പുറത്ത്

‘കല്‍ക്കി 2898 എഡി’ ഗംഭീര ഹിറ്റ് ആയതോടെ പ്രഭാസിന്റെ താരമൂല്യം വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്നത്. ‘അനിമല്‍’ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലാണ് പ്രഭാസ് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പ്രേക്ഷകരെയാകെ ആവേശത്തിലാക്കിയിരിക്കുകയാണ്.

പ്രഭാസിന്റെ വില്ലന്‍ ആയി എത്തുക കൊറിയയില്‍ നിന്നുള്ള ഒരു സൂപ്പര്‍ താരമാണ്. കൊറിയന്‍ താരം മാ ഡോങ്-സിയോക് ചിത്രത്തില്‍ വേഷമിടുന്നു എന്ന വാര്‍ത്തകളാണ് എത്തിയിരിക്കുന്നത്. ‘കൊറിയയിലെ ലാലേട്ടന്‍’ എന്ന വിശേഷണത്തോടെ മലയാളി പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്ത കൊറിയന്‍ താരമാണ് ഡോണ്‍ലീ.

കൊറിയയിലെ ഏറ്റവും സമ്പന്നനായ നായക നടന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ഡോണ്‍ലീ എന്ന ഈ 52കാരന്‍. ട്രെയിന്‍ റ്റു ബുസന്‍, ഔട്ട്‌ലോസ്, ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ.

പ്രഭാസിന്റെ വില്ലന്‍ ആയി ഡോണ്‍ലീ എത്തുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ അത് വിസ്മയമാകും. അതേസമയം, പ്രഭാസിന്റെ കല്‍ക്കി മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങി സൂപ്പര്‍ താരനിര ഒന്നിച്ച ചിത്രം 1000 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ്.

Read more