കടുവാക്കുന്നേല്‍ കുറുവച്ചന്‍ ആയി പൃഥ്വിരാജ്; 'കടുവ' ചിത്രീകരണം ആരംഭിക്കുന്നു

വിവാദങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും പിന്നാലെ “കടുവ” സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ ഷാജി കൈലാസ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരോടു കൂടിയുള്ള ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് തിരക്കഥ ഒരുക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം കടുവയിലൂടെ മലയാള സിനിമയിലേക്ക് ഷാജി കൈലാസ് മടങ്ങിയെത്തുകയാണ്. മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം. എസ്. തമന്‍ ആണ് സംഗീതം ഒരുക്കുന്നത്.

https://www.facebook.com/ShajiKailasOfficial/posts/198572414962200

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് കടുവയുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി തിരക്കഥാകൃത്ത് ജിനു കോടതിയെ സമീപിച്ചിരുന്നു. കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് 2001-ല്‍ താന്‍ എഴുതിയ കഥാപാത്രമാണ് ഇതെന്ന് വെളിപ്പെടുത്തി രഞ്ജി പണിക്കര്‍ രംഗത്തെത്തിയിരുന്നു. അതോടെ രണ്ടു സിനിമകളുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയും പിന്നീട് സമവായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.