പൃഥ്വിരാജ് ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയില്‍; ഈ സിനിമയും ആമസോണില്‍ പ്രൈമിലെത്തും, റിലീസ് തിയതി പുറത്ത്

പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭ്രമം’ ചിത്രവും ഒ.ടി.ടി റിലീസ്. കോള്‍ഡ്് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ് ഭ്രമം. ഒക്ടോബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്ത്യയില്‍ ഒ.ടി.ടി റിലീസായും മറ്റ് രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസായും സിനിമ എത്തും. ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ഭ്രമം, ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ്.

ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

Read more