പവിഴമഴ 'കരിക്കിലും' പെയ്യും; 'തേരാ പാരാ'യ്ക്ക് സംഗീതമൊരുക്കാന്‍ ജയഹരി

യൂട്യൂബിലൂടെ ഏറെ ജനപ്രീതിയാര്‍ജിച്ച വെബ് സീരീസാണ് കരിക്ക് ടീമിന്റെ തേരാ പാരാ. ഇതിന്റെ ആദ്യ സീസണ്‍ കഴിഞ്ഞതു മുതല്‍ അടുത്തത് എന്ത് എന്ന ചോദ്യത്തിലായിരുന്നു ആരാധകര്‍. ആ ചോദ്യത്തിന് വിരാമമിട്ടുകൊണ്ടാണ് തേരാ പാരാ എന്ന പേരില്‍ സിനിമ അനൗണ്‍സ് ചെയ്തത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിരുന്നു. തേരാ പാരാ സിനിമയാകുമ്പോള്‍ അതിരനിയൂടെ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച പി.എസ് ജയഹരിയാവും ഈ ചിത്രത്തിനും സംഗീതം ഒരുക്കുക. അതിരനിലെ “പവിഴമഴയേ…” എന്ന ഗാനം ഈ വര്‍ഷം ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നാണ്.

“കരിക്ക് ടീമിലെ നിഖില്‍ പ്രസാദ് എന്റെ ബന്ധുവാണ്. അങ്ങനെയാണ് ഞാന്‍ തേരാ പാരയുടെ ഭാഗമാകുന്നത്. കരിക്ക് തുടങ്ങിയ സമയത്ത് അവര്‍ക്ക് ഞാന്‍ ഒരു മ്യൂസിക് ചെയ്ത് കൊടുത്തിരുന്നു. കരിച്ച് ട്രെന്‍ഡായപ്പോള്‍ സിനിമ ചെയ്യുന്നു എന്നവന്‍ പറഞ്ഞപ്പോള്‍ എനിക്ക് വര്‍ക്ക് തരണമെന്ന് ഞാന്‍ പറഞ്ഞു. അല്ലേലും എന്നെ വിളിക്കാനിരിക്കുകയാണെന്നാണ് നിഖില്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന്റെ സംഗീതം ചെയ്തു. തുടര്‍ന്നുള്ള വര്‍ക്കുകള്‍ രണ്ട് മാസത്തിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്യും.” ബിഹൈന്‍ഡ്‌വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ജയഹരി പറഞ്ഞു.

Read more

കോമഡി ജോണറിലുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സിനിമ. തേരാപാരയുടെ മുഴുവന്‍ അഭിനേതാക്കളും സിനിമാതാരങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കും. കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം.