'ജിഗർതാണ്ട ഡബിൾ എക്സിൽ' രജനിയും കമൽഹാസനും; പോസ്റ്റർ പങ്കുവെച്ച് കാർത്തിക് സുബ്ബരാജ്

ആദ്യ ചിത്രമായ ‘പിസ്സ’ എന്ന ഹൊറർ ത്രില്ലർ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. 2014 ൽ പുറത്തിറങ്ങിയ ‘ജിഗർതാണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടാനും കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനായി. സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

അസാൾട്ട് സേതുവിലൂടെ ബോബി സിംഹയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ഒൻപത് വർഷങ്ങൾക്ക് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രവുമായി കാർത്തിക് സുബ്ബരാജ് വീണ്ടും വരികയാണ്. ‘ജിഗർതണ്ട’യുടെ രണ്ടാം ഭാഗമാണ് ‘ജിഗർതണ്ടാ ഡബിൾ എക്സ്’.

രാഘവ ലോറൻസും എസ്. ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. രാഘവാ ലോറൻസിനും എസ്.ജെ. സൂര്യയ്ക്കും പകരം രജനികാന്തും കമൽഹാസനുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുറച്ച് ദശകങ്ങൾക്ക് മുമ്പ് ജനിച്ചിരുന്നെങ്കിൽ ഡബിൾ എക്സ് എന്ന ചിത്രത്തിൽ ഇവരാകുമായിരുന്നു നായകന്മാർ എന്നാണ് പോസ്റ്ററിന് കാർത്തിക് സുബ്ബരാജ് നൽകിയിരിക്കുന്ന തലക്കെട്ട്.

Read more

ചിത്രത്തിൽ കാമിയോ റോളിൽ രജനികാന്തും കമൽഹാസനും വരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാനകാര്യം. നവംബർ 10 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.