'പേരൻപി'ന് ശേഷം വീണ്ടും റാം; നിവിൻ പോളി ചിത്രം 'യേഴു കടൽ യേഴു മലൈ' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക്

നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘യേഴു കടൽ യേഴു മലൈ’ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ (IFFR) ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് നെതർലാന്‍ഡ്‍സിലെ റോട്ടര്‍ഡാമില്‍ വെച്ചാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

Image

ജോനാഥൻ ഒഗിൽവി സംവിധാനം ചെയ്ത ‘ഹെഡ് സൗത്ത്’ എന്ന ചിത്രമാണ് ഫെസ്റ്റിവലിലെ ഓപ്പണിങ് ഫിലിം. കൂടാതെ മലയാളിയായ മിഥുൻ മുരളി സംവിധാനം ചെയ്ത ‘കിസ്സ് വാഗൺ’ എന്ന എക്സ്പെരിമെന്റൽ ചിത്രം ഈ വർഷത്തെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ ടൈഗർ കോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയാണ് കിസ്സ് വാഗൺ.

May be an illustration of text

മമ്മൂട്ടി നായകനായയെത്തിയ ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് യേഴു കടൽ യേഴു മലൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. കാട്രാതു തമിഴ്, തങ്ക മീൻകൾ, താരമണി, പേരൻപ് എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് യേഴു കടൽ യേഴു മലൈ.

എന്‍. കെ ഏകാംബരമാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി – സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍.