‘ആര്‍ഡിഎക്‌സ്’ സിനിമാ സംവിധായകന്‍ നഹാസ് ഹിദായത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചത്. കരാര്‍ ലംഘനം ആരോപിച്ചാണ് സംവിധായകനെതിരെ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റര്‍ നിര്‍മ്മാതാവ് സോഫിയ പോള്‍ കോടതിയെ സമീപിച്ചത്.
ആര്‍ഡിഎക്‌സ് സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കിയിരുന്നു. നഹാസിന്റെ രണ്ടാമത്തെ സിനിമയും ഇതേ നിര്‍മ്മാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാര്‍ ഉണ്ടായിരുന്നു. ഇത് പ്രകാരം 15 ലക്ഷം രൂപ നഹാസിന് നല്‍കി.
ചിത്രം റിലീസ് ചെയ്തതിന് ശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രീപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് നഹാസ് അറിയിച്ചു.
പലതവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാങ്ങിയ തുകയും, 50 ലക്ഷം നഷ്ടപരിഹാരവുമടക്കം ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. 18% പലിശയടക്കം ഒരു കോടിലേറെ രൂപ തിരികെ നല്‍കണമെന്നാണ് ആവശ്യം.
ഹര്‍ജിയില്‍ ഓഗസ്റ്റ് ആറിന് ഹാജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചു. എന്നാല്‍ തനിക്ക് സമന്‍സ് ലഭിച്ചിട്ടില്ലെന്ന് നഹാസ് ഹിദായത്ത് പ്രതികരിച്ചു. നേരത്തെ സിനിമയ്ക്കായി 6 കോടി രൂപ ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച് സോഫിയ പോളിനെതിരെ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പൊലീസില്‍ പരാതി നല്‍കിയിരുന്നു.