തമിഴകത്ത് കൊടുമ്പിരി കൊണ്ട് ടൈറ്റില്‍ വിവാദം. ‘ആദിപരാശക്തി’ എന്ന ടൈറ്റിലിനെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ആദിപരാശക്തി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്. പിന്നാലെ വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്താണ് ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
വിജയ് ആന്റണി നിര്‍മ്മിക്കുന്ന, അരുണ്‍ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തി തിരുമകന്‍’. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേരാണ് ‘പരാശക്തി’. 2024 ജൂലായ് 22ന് പരാശക്തി എന്ന പേര് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ താന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് വിജയ് ആന്റണി പുറത്തുവിട്ടത്.
എന്നാല്‍ ഇതിന് പിന്നാലെ പരാശക്തി എന്ന പേര് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരനും പുറത്തുവിട്ടു. ഈ ചിത്രത്തിന്റെയും, തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റേയും പേര് പരാശക്തി എന്നാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് ആകാശ് ഭാസ്‌കരന്‍ പുറത്തുവിട്ടത്.
ഈ മാസം 11ന് ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി. ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ കൂടിക്കാഴ്ച നടത്തി പ്രശ്‌ന പരിഹാരം ഉടന്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എവിഎം പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ശിവാജി ഗണേശന്‍ നായകനായെത്തിയ ചിത്രമാണ് പരാശക്തി. എന്നാല്‍ ഈ പേര് ഉപയോഗിച്ചതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്ന് എവിഎം അറിയിച്ചിട്ടുണ്ട്.