'സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ'; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്‌ ആറ് തവണ. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്.

പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിലായി. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം അതിക്രമത്തിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ച് പേരെയാണ് ചോദ്യം ചെയ്യുന്നത്.