സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉദ്ദേശം മോഷണമെന്ന് പോലീസ്

ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഉദ്ദേശം മോഷണം തന്നെയായിരുന്നു എന്നും പോലീസ് സ്ഥിരീകരിച്ചു. എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം. ഉടൻ തന്നെ പ്രതി പിടിയിലാകും.

മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഒരു മുതിർന്ന ഐപിഎസ് ഓഫീസർ സംഭവം സ്ഥിരീകരിച്ചു. “സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹം ചികിത്സയിലാണ്. കവർച്ചക്കാരനുമായുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണോ അതോ പരിക്കേറ്റതാണോ എന്ന് ഇതുവരെ വ്യക്തമല്ല. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണെന്ന് ഐപിഎസ് ഓഫീസർ അറിയിച്ചു.

അതേസമയം, ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്തതായാണ് വിവരം. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി.ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കി.