ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളി. ഒരാഴ്ചത്തെ സമയമാണ് റിപ്പോർട്ട് പുറത്തുവിടാൻ അനുവദിച്ചിട്ടുള്ളത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് ഹജിക്കാർക്ക് അപ്പീൽ സമർപ്പിക്കാൻ ഒരാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനിടയിൽ അപ്പീൽ ഹർജിയുമായി സജി പാറയിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചില്ലെങ്കിൽ റിപ്പോർട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
കോടതി വന്നതോടെ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷണറാണ് നേരത്തെ ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉളളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ ഹർജി നൽകി. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹർജി തള്ളിയാണിപ്പോൾ ഹൈക്കോടതി വിധി.