പുനീത് രാജകുമാറിന്റെ വിയോഗം കന്നഡയെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രിയതാരത്തെ അവസാനമായി കാണാന്‍ കണ്ണീരോടെ പതിനായിരങ്ങളാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ എത്തുന്നത്. സുഹൃത്തും നടനുമായ ശരത്കുമാറിനും പുനീതിന്റെ വിയോഗം ഉള്‍ക്കൊള്ളാനായില്ല. പ്രിയ സുഹൃത്തിന് വിട നല്‍കുന്നതിനിടെ സങ്കടം നിയന്ത്രിക്കാനാകാതെ ശരത്കുമാറും പൊട്ടിക്കരഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു പുനീതിന്റെ അന്ത്യം. ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്‌കാരം. അച്ഛന്‍ രാജ്കുമാറിന്റെ ശവകുടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക.
വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവു പോലെ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്റെ അന്ത്യം.
കന്നഡ സിനിമയിലെ പവര്‍സ്റ്റാര്‍ ആയ പുനീത് അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്.
ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2002ല്‍ പുറത്തിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്.