അപര്‍ണ നായരുടെ ആത്മഹത്യ: മാസങ്ങള്‍ക്ക് മുമ്പേ പ്രശ്‌നം തുടങ്ങി, ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമെന്ന് എഫ്‌ഐആര്‍

സിനിമാ-സീരിയില്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്‌ഐആര്‍. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 31ന് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിലാണ് അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് അപര്‍ണ പറഞ്ഞിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.

ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം. ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി രാജി വച്ചിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു.

അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് നടിയുടെ സഹോദരി നല്‍കിയ മൊഴി.

Read more

മരിക്കുന്നതിന് മുമ്പും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത് എന്നാണ് ബന്ധുക്കളുടെ മൊഴി. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.