മാപ്പ് ചോദിച്ച് ഷെയ്ന്‍ നിഗം; സംഘടനകള്‍ക്ക് കത്ത് അയച്ചു

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് ഷെയ്ന്‍ നിഗം അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. ഷെയ്ന്‍ നിഗം മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ല എന്നതില്‍ മാറ്റമില്ലെന്ന നിലപാടിലായിരുന്നു നിര്‍മ്മാതാക്കള്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയുള്ള ക്ഷമാപണം പോരെന്നും ഷെയ്ന്‍ പരസ്യമായിമാപ്പ് പറയണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു വിവാദപരാമര്‍ശം. ചോദ്യങ്ങള്‍ക്കിടയില്‍ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഷെയ്ന്‍ ചിരിച്ചുകൊണ്ട് “മനോവിഷമമാണോ മനോരോഗമാണോ എന്നാണ്…” എന്ന മറുപടി നല്‍കിയത്. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയിരുന്നു.

Read more

ഷെയ്നിന്റെ കാര്യത്തില്‍ “അമ്മ” സംഘടന ഉത്തരവാദിത്തം ഏല്‍ക്കണമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അമ്മ സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ജനുവരിയിലാവും ചേരുക.