മലയാള സിനിമ വേറെ പ്ലാനറ്റിലോ സ്‌പേസിലോ ഒന്നുമല്ലല്ലോ, മണ്ടത്തരം പറയാതിരിക്കൂ: ഷെയ്‌നൊപ്പമെന്ന് ഷൈന്‍ ടോം ചാക്കോ

മലയാള സിനിമ ലഹരിക്കടിമയാണെന്ന പരാമര്‍ശം മണ്ടത്തരമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലോകം മുഴുവന്‍ ലഹരി ഉണ്ടല്ലോ മലയാള സിനിമ വേറെ പ്ലാനറ്റിലോ സ്പേസിലോ ഒന്നുമല്ലാലോ എന്നും ഷെയ്ന്‍ നിഗത്തിനെ പിന്തുണയ്ക്കുമെന്നും ഷൈന്‍ പ്രതികരിച്ചു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്.

“”ഞാനും ഷെയ്‌നും ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്, സ്വാഭാവികമായിട്ടും ഷെയ്‌നിന് എന്ത് പ്രശ്‌നമുണ്ടെങ്കിലും കൂടെ നില്‍ക്കുക തന്നെ ചെയ്യും. കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ വേറെ ആരാണ് പിന്തുണയ്ക്കുക. ഈ വിവാദങ്ങളില്‍ രണ്ടു കൂട്ടര്‍ക്കും അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും. അതെല്ലാം ബാലന്‍സ് ചെയ്ത് ഷൂട്ടിങ്ങും മറ്റുമായി നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം. പിന്നെ മലയാള സിനിമ ലഹരിക്ക് അടിമയാണെന്ന് പറയേണ്ട”” എന്ന് ഷൈന്‍ പറഞ്ഞു.

Read more

“”ലോകം മൊത്തം ഒരു ലഹരി ഉണ്ടല്ലോ. ഈ ലോകത്ത് തന്നെ ഉള്ളതാണല്ലോ മലയാള സിനിമയും. അല്ലാതെ മലയാള സിനിമ വേറെ പ്ലാനറ്റിലോ സ്‌പേസിലോ ഒന്നുമല്ലല്ലോ. അതുകൊണ്ട് ഇത്തരം മണ്ടത്തരമായ കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക അതിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക എന്നേയുള്ളൂ.”എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.