ഒടിയന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ, ഇതു പോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയുമുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്റെ ഹിന്ദി പതിപ്പിന് ലഭിക്കുന്ന വലിയ സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
മോഹന്‍ലാലിന്റെ കരുത്തുറ്റ അഭിനയ പ്രതിഭ രാജ്യത്തിനാകെ അഭിമാനകരമാണെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ആഗോള പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ടെന്നും ശ്രീകുമാര്‍ പറഞ്ഞു.

ഇത്തരം സിനിമകള്‍ തീര്‍ച്ചയായും ഒരു സാംസ്‌കാരിക മുന്നേറ്റമാണ്. ഒടിയന്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ഹീറോയാണ്. ഒടിയനെപ്പോലെ ഒട്ടനവധി പ്രാദേശിക കഥാപാത്രങ്ങള്‍ രാജ്യത്തുടനീളം ഉണ്ട്. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒടിയന്റെ ഹിന്ദി ഡബ്ബിന് ലഭിച്ച അംഗീകാരം ഉദാഹരണമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ഹിന്ദി പതിപ്പിന് മൂന്ന് ആഴ്ചകൊണ്ട് ഒരു കോടി കാഴ്ചക്കാരാണുള്ളത്. 2018ല്‍ പുറത്തിറങ്ങിയ ചിത്രം ഒടിയന്‍ എന്ന സങ്കല്‍പിക കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്. ഒടിയന്‍ മാണിക്യന്‍’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തില്‍ നേടി. ഇതോടെ മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച ബോക്സോഫീസ് ഹിറ്റ് ചിത്രമായി ഒടിയന്‍ ഇടം നേടിയിരുന്നു.