ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അസുഖകരമാണ്; ചിരഞ്ജീവിക്കൊപ്പമുള്ള ഗാനത്തെ കുറിച്ച് ശ്രുതി ഹാസന്‍

‘വാള്‍ട്ടയര്‍ വീരയ്യ’ സിനിമയിലെ ഗാനരംഗം തന്നെ അസ്വസ്ഥയാക്കിയ ഒന്നാണെന്ന് ശ്രുതി ഹാസന്‍. ചിരഞ്ജീവിക്കൊപ്പമുള്ള ‘ശ്രീ ദേവി ചിരഞ്ജീവി’ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ശ്രുതി സംസാരിച്ചത്. ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ചാണ് ശ്രുതി സംസാരിച്ചത്.

യൂറോപ്പിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം നടന്നത്. മഞ്ഞിനിടയിലാണ് ഗാനം ഷൂട്ട് ചെയ്തത്. സാരിയുടുത്ത് മഞ്ഞില്‍ മറ്റൊരു ഗാനവും ഷൂട്ട് ചെയ്യേണ്ടി വരില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നു, കാരണം ശാരീരികമായി വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അത്. പക്ഷേ ആളുകള്‍ ഇപ്പോഴും അതു കാണാന്‍ ആഗ്രഹിക്കുന്നു.

അതിനാല്‍ തങ്ങളത് ചെയ്യേണ്ടിയും വരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അസുഖകരമായൊരു അനുഭവമാണ് എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്. നേര്‍ത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് നായികമാര്‍ കഠിനമായ തണുപ്പില്‍ നൃത്തം ചെയ്യുന്ന രംഗങ്ങള്‍ ബോളിവുഡില്‍ അടക്കം കാണാനാവും.

ജനുവരി 13ന് ആണ് പൊങ്കല്‍ റിലീസ് ആയി സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. കെ.എസ് രവിന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. നവീന്‍, രവി ശങ്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

ചിരഞ്ഞീവി, ശ്രുതി ഹാസന്‍ എന്നിവര്‍ക്കൊപ്പം രവി തേജ, കാതറിന്‍ തെരേസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോര്‍, പ്രദീപ് രാവത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നേരത്തെ പുറത്തുവിട്ട ‘ബോസ് പാര്‍ട്ടി’ എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ഉര്‍വശി റൗട്ടേലയാണ് ഗാനത്തില്‍ വേഷമിട്ടത്.