കല്പന മരിച്ചതോടെ സാമ്പത്തിക സഹായം നിലച്ചു, അസുഖവും ദാരിദ്ര്യവും അലട്ടി, സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍

നടി കല്പനയുടെ മരണശേഷം സാമ്പത്തിക സഹായം നിലച്ചതിന് പിന്നാലെ അസുഖവും ദാരിദ്ര്യവും മൂലം ജീവനൊടുക്കി സഹോദരങ്ങള്‍. നടിയുടെ സഹോദരന്റെ മുന്‍ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. വീഴുപുരം ജില്ലയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കല്പനയുടെ സഹോദരന്റെ മുന്‍ ഭാര്യ പ്രമീള(52), അവരുടെ സഹോദരന്‍ സുശീന്ദ്രന്‍(54)എന്നിവരാണ് വാടക വീട്ടില്‍ ജീവനൊടുക്കിയത്. താരത്തിന്റെ സഹോദരനുമായുള്ള വിവാഹ ബന്ധം പ്രമീള ഏതാനും വര്‍ഷം മുന്‍പ് വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കല്പനയാണ് ഇവര്‍ക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നല്‍കി വന്നത്. എന്നാല്‍ കല്പനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.

Read more

ഏറെ കാലമായി അസുഖ ബാധിതരായിരുന്ന തങ്ങള്‍ക്ക് കല്‍പ്പനയാണ് സാമ്പത്തിക സഹായം നല്‍കി വന്നിരുന്നത് എന്നും അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.