നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

സെക്രട്ടറിറ്റേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ എന്ന് ഐഎൻടിയുസി പ്രസിഡന്റ്റ് ആർ ചന്ദ്രശേഖരൻ പ്രസ്താവനയിൽ പറയുന്നു. അതേസമയം നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു.

യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തുവന്നിരിക്കുന്നത്. തൊഴിലാളി താൽപര്യം ഉയർത്തിപ്പിടിച്ച് ഈ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഉന്നയിച്ച് പ്രക്ഷോഭം നടത്താൻ ഈ മേഖലയിലെ എല്ലാ യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഒരുമിച്ച് തയ്യാറാകണം. സമരത്തെ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്നും ഐഎൻടിയുസി പറഞ്ഞു.

കേന്ദ്രസംസ്ഥാന സർക്കാരുകൾ 60:40 അനുപാതം നടപ്പിലാക്കണമെന്ന ആവശ്യവും ഐഎൻടിയുസി മുന്നോട്ടുവെച്ചു. ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് അർഹതപ്പെട്ട മുഴുവൻ ആനുകൂല്യ ങ്ങളും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രഖ്യാപനം തീർത്തും സ്വാഗതാർഹമാണെന്നും ഐഎൻടിയുസി വ്യക്തമാക്കി.

Read more