സെൽഫി എടുക്കാനെത്തിയ ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നടൻ നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ. അപ്രതീക്ഷിതമായി തോളിൽ കൈയ്യിട്ട് ആരാധകൻ സെൽഫി എടുക്കുമ്പോൾ അസ്വസ്ഥനാകുന്ന നസ്‌ലെന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നസ്‌ലെന്‍റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷൻ പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും ഇതിനിടയിൽ ഒരാൾ നസ്‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കുന്നതുമാണ് വീഡിയോ. എന്നാൽ ഇതിൽ അസ്വസ്ഥനായ നസ്‌ലൻ ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. ആരാധകൻ തോളിൽ കൈ ഇട്ടതിലുള്ള അസ്വസ്ഥത നസ്‌ലൻ്റെ മുഖത്ത് വ്യക്തമാണ്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. ‘ഒരു ആളുടെ ശരീരത്തിൽ അയാളുടെ അനുവാദം ഇല്ലാതെ തൊടുന്ന കോമാളികളെ ഇങ്ങനെ തന്നെ ഊക്കി വിടണം’ എന്നാണ് ഒരാൾ കുറിച്ചത്. ‘തോളിൽ കയ്യിടാൻ മാത്രം ബന്ധം ഇല്ലല്ലോ. അപ്പോൾ ശല്യം ചെയ്യരുത്…’ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ‘ഇവന്റെ ഒക്കെ ഫോട്ടോ എടുക്കാൻ പോയ ഫാൻ നെ പറഞ്ഞാൽ മതി’ എന്നാണ് മറ്റൊരു കമന്റ്.
‘സ്വന്തം റെസ്പെക്ട് കളഞ്ഞു ഇവരുടെ ഒക്കെ പുറകെ എന്തിനാ പോണെന്നു മനസിലാകുന്നില്ല, അവരും നമ്മളെപ്പോലെ മനുഷ്യരാണ്, ദൈവം ഒന്നും അല്ല, ജീവൻ രക്ഷിക്കുന്ന ഡോക്ടർക്ക് ഇവരേക്കാൾ റെസ്പെക്ട് കൊടുക്കാം’ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം എന്ത് ജാഡയാ തോളിൽ പിടിച്ചന്ന് പറഞ്ഞു തോൾ ഉരുകി പോവില്ല, കൈ എടുക്കാൻ പറഞ്ഞതിൽ എന്താണ് ഇത്ര തെറ്റ്, ഇവൻ വിനയത്തിൻ്റെ ഹോൾസേൽ ആണല്ലോ. എല്ലാ സമയവും ഒരുപോലെ ആവില്ലല്ലേ’ എന്നൊക്കെയാണ് മറ്റ് ചില പ്രതികരണങ്ങൾ.