'സഖാവ് പിണറായി വിജയന്‍ മനുഷ്യസ്‌നേഹിയാണ്.. അന്ന് എന്നെ ആശ്വസിപ്പിച്ചത് കമലാന്റി..'; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍

ഇടതുപക്ഷ വേദികളിലെ സാന്നിദ്ധ്യമായിരുന്ന നവ്യ നായര്‍ പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ചര്‍ച്ചകള്‍. ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ക്കൊപ്പമാണ് നവ്യയും ചടങ്ങില്‍ പങ്കെടുത്തത്. നവ്യയുടെ നൃത്തവും അതിന് ശേഷം പ്രധാനമന്ത്രിയെ കാല്‍തൊട്ട് വണങ്ങാന്‍ ശ്രമിച്ചതുമെല്ലാം ചര്‍ച്ചകളില്‍ നിറയുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സാംസ്‌കാരിക വേദികളില്‍ നവ്യ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നവ്യ പാര്‍ട്ടി മാറിയോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

മാവേലിനാടിന്റെ ചെന്താരകം എന്ന പേരിലുളള അഭിമുഖത്തില്‍ ഉടനീളം പിണറായിയെ നവ്യ പുകഴ്ത്തിയിരുന്നു. 2021 ഏപ്രിലില്‍ ധര്‍മടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയില്‍ നവ്യ മുഖ്യമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഈ വേദിയില്‍ വച്ച് മുഖ്യമന്ത്രിയെ നടി വാനോളം പുകഴ്ത്തിയിരുന്നു.

നവ്യ അന്ന് പറഞ്ഞത്:

സഖാവ് എന്ന് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് എന്നാണ്. ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെ പോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയന്‍ ബഹുമാന്യനായ മുഖ്യമന്ത്രി, സഖാവ് പിണറായി വിജയന്‍ എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്‌നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എന്റെ മനസിലേക്ക് ഓര്‍മ്മ വരുന്നത്.

മുഖ്യമന്ത്രി ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ്. എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി കര്‍മ്മനിരതനായ അദ്ദേഹത്തിന് മേല്‍ക്കുമേല്‍ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്‌നേഹത്തോടെ അര്‍പ്പിക്കുന്നു. ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും ഞാന്‍ കാണുന്നത് അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ ആണ്. നമ്മള്‍ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കര്‍ക്കശക്കാരന്‍ മിതഭാഷി എന്നൊക്കെ.

Read more

പക്ഷേ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയില്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്കൊരു ഭാഗ്യമുണ്ടായി. ഇന്റര്‍വ്യൂ ഒന്നും ചെയ്തു മുന്‍പരിചയമില്ലാത്ത എനിക്ക് ടെന്‍ഷനായിരുന്നു എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ. നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്ന പോലെ വിജയേട്ടനോട് സംസാരിച്ചാല്‍ മതി എന്ന് കണ്ണൂര്‍ ഭാഷയില്‍ ആശ്വസിപ്പിച്ചത് കമലാന്റിയാണ്.