ഉയര്‍ന്ന പ്രതിഫലം, നടിയെ മാറ്റി ചിരഞ്ജീവി; സൊനാക്ഷി ഇനി ബാലയ്യയുടെ നായികയാവും

മലയാളികള്‍ ട്രോളുകളിലൂടെ പരിചിതമായ താരമാണ് നന്ദമൂരി ബാലകൃഷണ. പൊതുവിടങ്ങളിലെ താരത്തിന്റെ പെരുമാറ്റം വിമര്‍ശനങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കാറുണ്ട്. സിനിമാ പ്രമോഷനിടെ യുവതാരം ‘അങ്കിള്‍’ എന്ന് വിളിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞ് കളഞ്ഞായിരുന്നു താരത്തിന്റെ മറുപടി. ആരാധകരെ താരം അടിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

എന്നാല്‍ താരത്തിന്റെ സിനിമകള്‍ തെലുങ്ക് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ‘അഖണ്ഡ’ ഹിറ്റ് ആയിരുന്നു. സംവിധായകന്‍ അനില്‍ രവിപുഡി ഒരുക്കുന്ന ചിത്രത്തിലാണ് ബാലകൃഷ്ണ ഇനി അഭിനയിക്കാന്‍ പോകുന്നത്. എന്നാല്‍ ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ സിനിമയിലെ നായികയാക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കഥയുമായി നടിയെ സമീപിച്ചു കഴിഞ്ഞു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഈ സിനിമ ഒരുക്കാനാണ് അനില്‍ രവിപുഡി താല്‍പര്യപ്പെടുന്നത്.

നേരത്തെ ചിരഞ്ജീവിയുടെ നായിക ആവാന്‍ സൊനാക്ഷി സിന്‍ഹയ്ക്ക് ഓഫര്‍ വന്നിരുന്നു. എന്നാല്‍ നടി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നായികയെ മാറ്റുകയായിരുന്നു. ബോളിവുഡിലെ മുന്‍നിര നായിക നടിമാരില്‍ ഒരാളായിരുന്ന സോനാക്ഷി ഇപ്പോള്‍ സിനിമകളില്‍ പഴയത് പോലെ സജീവമല്ല.

Read more

ഒരുപാട് സിനിമകള്‍ ചെയ്യേണ്ട എന്ന നിലപാടിലാണ് താരം. തെന്നിന്ത്യയില്‍ രജനികാന്ത് ചിത്രം ‘ലിങ്ക’യിലൂടെ ആയിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. ലിങ്ക അല്ലാതെ മറ്റൊരു തെന്നിന്ത്യന്‍ സിനിമയിലും സൊനാക്ഷി നായിക ആയിട്ടില്ല. ‘ഡബിള്‍ എക്‌സഎല്‍’ എന്ന ചിത്രമാണ് സൊനാക്ഷിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.