മോഹന്‍ലാലിനെ പ്രണയിച്ചതിനെ കുറിച്ചും വിവാഹം ചെയ്തതിനെ കുറിച്ചും സംസാരിച്ച് സുചിത്ര മോഹന്‍ലാല്‍. തനിക്ക് വിവാഹാലോചനകള്‍ തുടങ്ങിയപ്പൊഴേ മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞു. സുകുമാരി ആന്റി വഴിയാണ് വിവാഹാലോചന മോഹന്‍ലാലിന്റെ അടുത്ത് അവതരിപ്പിച്ചത്. താന്‍ ദിവസവും അഞ്ച് കാര്‍ഡുകള്‍ വരെ മോഹന്‍ലാലിന് അയക്കുമായിരുന്നു എന്നാണ് സുചിത്ര പറയുന്നത്.
ഞാന്‍ ആദ്യമായി ചേട്ടനെ കണ്ടത് തിരുവനന്തപുരത്ത് വച്ചാണ്. നിര്‍മ്മാതാവ് മുരുകന് മാമയുടെ കല്യാണത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ചേട്ടനെ ആദ്യമായി കാണുന്നത്. ഒരു മറൂണ്‍ കളര്‍ ഷര്‍ട്ട് ആണ് അന്ന് ഇട്ടിരുന്നത്. അതിന് മുമ്പേ തന്നെ തിയേറ്ററില്‍ പോയി ചേട്ടന്റെ സിനിമകളൊക്കെ കാണാറുണ്ടായിരുന്നു.
കോഴിക്കോട് ആണ് അവധി ദിവസങ്ങളില്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുള്ളത്. ആദ്യമായി കണ്ട ചേട്ടന്റെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. അപ്പോഴൊന്നും എനിക്ക് ചേട്ടനെ ഇഷ്ടമേ അല്ല. പക്ഷെ എന്റെ അമ്മയും അമ്മായിയും എനിക്ക് കല്യാണാലോചന നടത്തുന്ന സമയത്ത് ഞാന്‍ അവരോട് പറഞ്ഞു, എനിക്ക് ഒരാളെ വിവാഹം കഴിക്കണമെന്നുണ്ട് എന്ന്.
തിരുവനന്തപുരത്തുളള ആളാണെന്ന് പറഞ്ഞു. അവര്‍ വേറെ ആരോ ആണെന്നാണ് വിചാരിച്ചത്. ഞാന്‍ പറഞ്ഞു ഇദ്ദേഹമാണ്. അച്ഛനോട് ചോദിക്കൂ. സുകുമാരി ആന്റി അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട് എന്ന്. അച്ഛന് സുകുമാരി ആന്റിയോട് പറഞ്ഞാല്‍ അതുവഴി അദ്ദേഹത്തെ അന്വേഷിക്കാന്‍ പറ്റുമെന്നും പറഞ്ഞു.
അങ്ങനെ ആന്റി വഴിയാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നതും ഈ വിവാഹം നടക്കുന്നതിലേക്ക് വഴിതെളിഞ്ഞതും. പണ്ട് ഞാന്‍ അദ്ദേഹത്തിന് കാര്‍ഡുകള്‍ വാങ്ങി അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്റെ പേരൊന്നും വയ്ക്കില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡെങ്കിലും അയയ്ക്കുമായിരുന്നു.
അദ്ദേഹം എവിടെയൊക്കെ പോകുന്നെന്ന് ഞാന്‍ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നിട്ട് അവിടേക്ക് കാര്‍ഡ് അയയ്ക്കും. ഞാന്‍ ശരിക്കും അദ്ദേഹത്തെ സ്റ്റോക്ക് ചെയ്യുകയായിരുന്നു. മാത്രമല്ല, ഞങ്ങളുടെ വീട്ടില്‍ അദ്ദേഹത്തിന് ഒരു കോഡ് വേര്‍ഡ് ഉണ്ടായിരുന്നു, ‘എസ്കെപി’! സുന്ദര കുട്ടപ്പന് എന്നതിന്റെ കോഡ് ആണത് എന്നാണ് സുചിത്ര പറയുന്നത്.