മാതൃകയായി സുഡാനി ടീം; പുരസ്‌കാര തുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോളിതാ തങ്ങള്‍ക്ക് കിട്ടുന്ന പുരസ്‌കാര തുക ഒരു അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സുഡാനി ടീം. മധുര സ്വദേശിയായ ഹാരിഷ് ശിവകുമാര്‍ എന്ന ഇരുപതുകാരനാണ് പുരസ്‌കാര തുക സുഡാനി ടീം നല്‍കുക.

വ്യക്തിഗത പുരസ്‌കാരങ്ങളില്‍ നിന്നും ലഭിക്കുന്ന തുക ഹാരിഷിന് കൃത്രിമക്കാലുകള്‍ക്കായി നല്‍കുമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ഷൈജു ഖാലിദ് പറഞ്ഞു. “In his pursuit” എന്ന ഷോര്‍ട്ട് ഫിലിം കണ്ടതാണ് തനിക്ക് ഈ പ്രവൃത്തി  ചെയ്യുന്നതിന് പ്രചോദനമായെതെന്നും അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷം മുമ്പ് കേരളത്തില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് ഹാരിഷിന് ഇരുകാലുകളും നഷ്ടപ്പെട്ടത്.

നവാഗതനായ സക്കരിയ മുഹമ്മദ് ഒരുക്കിയ സുഡാനി ഫ്രം നൈജീരിയയ്ക്ക് അഞ്ച് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയ്ക്കാണ്.

Read more

സുഡാനിയിലെ മജീദിന്റെ ഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വെച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്‌കാരം നേടിയെടുത്തു. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കരിയക്കും മുഹ്‌സിന്‍ പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരവും സുഡാനിക്ക് ലഭിച്ചു.