സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക്. കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വേഷമിടുന്ന ‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
തുടര്‍ന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ചടങ്ങ് പൂര്‍ത്തീകരിച്ചു. നടന്‍ ബിജു പപ്പന്‍ സ്വിച്ചോണ്‍ കര്‍മ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐ.എ.എസ്. ഫസ്റ്റ് ക്ലാപ്പും നല്‍കി. മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യ രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രമെന്ന് പ്രത്യേകതയും ഒറ്റക്കൊമ്പനുണ്ട്. ചോരത്തിളപ്പിനൊപ്പം കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലാണ് കറുവച്ചന്റ ജീവിതയാത്ര.
ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്ന രാജ്, സുചിത്ര നായര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നു. എഴുപതില്‍പ്പരം അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഡിസംബര്‍ 30-ന് ചിത്രത്തിന്റെ ഭാഗമാകും. ബിഗ് ബജറ്റില്‍ ശ്രീഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ വില്ലനും നായികയുമായി നോര്‍ത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ ആണ് എത്തുന്നതെന്ന് ശ്രീഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഷിബിന്‍ ഫ്രാന്‍സിസ് – രചന, ഗാനങ്ങള്‍ – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം – ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, ഛായാഗ്രഹണം – ഷാജികുമാര്‍.
എഡിറ്റിങ്, – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ – അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടര്‍ – സുധീര്‍ മാഡിസണ്‍, കാസ്റ്റിങ് ഡയറക്ടര്‍ – ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ് – കെ.ജെ. വിനയന്‍, ദീപക് നാരായണ്‍, പ്രൊഡക്ഷന്‍ മാനേജേര്‍ – പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ദു പനയ്ക്കല്‍, കോ-പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി.