'പാപ്പാന്റെ ലോകത്തിലേക്ക് ഒരു നോട്ടം'; സ്റ്റില്‍ പങ്കുവെച്ച് സുരേഷ് ഗോപി, അച്ഛനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അനുഗ്രഹീതനായി തോന്നുന്നുവെന്ന് ഗോകുല്‍

പിറന്നാള്‍ ദിനത്തില്‍ “പാപ്പാന്‍” ചിത്രത്തിന്റെ സ്റ്റില്‍ പങ്കുവെച്ച് സുരേഷ് ഗോപി. “പാപ്പാന്റെ ലോകത്തിലേക്ക് ഒരു നോട്ടം” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രത്തില്‍ അച്ഛനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം എന്ന് കുറിച്ചാണ് ഗോകുല്‍ സുരേഷ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

“”ഈ ചിത്രം പങ്കുവെയ്ക്കുമ്പോള്‍ അച്ഛനൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷത്തിലാണ് ഞാന്‍. വീട്ടില്‍ ഒരു സൂപ്പര്‍ഡാഡ് ആയി കാണുന്നത് മുതല്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് കഥാപാത്രങ്ങള്‍ ആകുന്നത് വരെ, ഞാന്‍ വളരെ അധികം അനുഗ്രഹീതനായി തോന്നുന്നു. എല്ലാത്തിനും നന്ദി അച്ഛാ, പിറന്നാള്‍ ആശംസകള്‍”” എന്നാണ് ഗോകുല്‍ സുരേഷ് കുറിച്ചിരിക്കുന്നത്.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പാന്‍. കനിഹ, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Read more

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍,സംഗീതം ജേക്‌സ് ബിജോയ്.