'ആശുപത്രിയില്‍ എത്തിച്ച മുസ്ലിം സഹോദരങ്ങള്‍ക്ക് നന്ദി'; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സുഡാനി താരം

ബൈക്കപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം പങ്കുവെത്ത് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണ്‍. ഡല്‍ഹിയിലെ തിരക്കേറിയ കവലയില്‍ വെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാര്‍ ഇടിക്കാനിരുന്നതായും നിയന്ത്രണം വിട്ടു സാരമായ പരിക്കുകള്‍ സംഭവിച്ചതായും സാമുവല്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറഞ്ഞു. കൃത്യ സമയത്ത് തന്നെ ആശുപത്രിയില്‍ എത്തിച്ചവര്‍ക്ക് താരം നന്ദി പറഞ്ഞു.

സാമുവല്‍ റോബിന്‍സണിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:

സുഹൃത്തുക്കളെ, ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ഞാന്‍ ഒരു ബൈക്ക് അപകടത്തില്‍ പെട്ടു. ഒരു കവലയിലേക്ക് കയറാനിരിക്കെ അതി വേഗതയില്‍ വന്ന ഒരു കാര്‍ എന്നെ ഇടിക്കാനിരുന്നു. കാറിന്റെ ഇടിയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് തെന്നിമാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തില്‍പ്പെട്ടു. ആശുപത്രിയില്‍ പോയി എന്റെ പരിക്കുകള്‍ ചികിത്സിച്ചു . ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു…

റോഡില്‍ നിന്ന് എന്നെ രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോയ ആ രണ്ട് മുസ്‌ലിം സഹോദരങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. ഞാന്‍ സുഖപ്പെടുന്നത് വരെ അവര്‍ ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്നു. ഞാന്‍ അവര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു. ദൈവം അവര്‍ക്ക് വലിയ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കുറച്ചുകാലമായി ഞാന്‍ നിങ്ങളുമായി ഒരു നല്ല വാര്‍ത്തയും പങ്കുവെച്ചിരുന്നില്ലെന്ന് എനിക്കറിയാം. എന്റെ അടുത്ത പ്രൊജക്ട് ദിബാകര്‍ ദാസ് റോയ് സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി സിനിമയാണ്.

നൈജീരിയന്‍ ചലച്ചിത്ര നടനായ സാമുവല്‍ റോബിന്‍സണ്‍ 2018ല്‍ സകരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ‘ഒരു കരീബിയന്‍ ഉടായിപ്പ്’ എന്ന മലയാള ചിത്രത്തിലും സാമുവല്‍ അഭിനയിച്ചിട്ടുണ്ട്.