2021ല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ദേശവും ഭാഷയും കടന്നു ഇപ്പോള്‍ ജപ്പാനിലെ തീയേറ്ററുകളില്‍ എത്തുന്നു. 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ജാപ്പനീസ് ഭാഷയിലുള്ള സബ് ടൈറ്റിലുകളാകും ഉണ്ടാകുക. ചിത്രത്തിന്റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോമോന്‍ ജേക്കബ് പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണമാണ് റിലീസ് നീണ്ടുപോയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ ജോമോന്‍ പറഞ്ഞു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും.
Read more
ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കലാസംവിധാനം ജിതിന്‍ ബാബു.