'ഇന്ത്യന്‍' എന്ന വാക്ക് നീക്കി, വി.എസിന്റെ അഭിമുഖം കട്ട് ചെയ്തു; 'കേരള സ്റ്റോറി' എത്തുക പത്ത് മാറ്റങ്ങളോടെ

വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യില്‍ പത്ത് മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ ക്ലൈമാക്‌സിലെ വി.എസ് അച്യുതാനന്ദന്റെ അഭിമുഖമടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി. ‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കി.

ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജ ചടങ്ങുകളില്‍ ഭാഗമാകില്ലെന്ന ഡയലോഗും ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു.

ഫിലിം അനലിസ്റ്റായ എ.ബി ജോര്‍ജാണ് സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗങ്ങള്‍ പങ്കുവച്ചത്. സിനിമ നിരോധിക്കണം എന്നടക്കം കനത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. സുദിപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

കേരളത്തില്‍ നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് അണിയറക്കാര്‍ പറയുന്നത്. മുസ്ലീം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും അടക്കം സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

Read more

മെയ് അഞ്ചിന് കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. നഴ്‌സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭത്തില്‍പ്പെട്ടു എന്നാണ് പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും പറയുന്നത്.