ബോളിവുഡിന്റെ അഭിമാനം വാനോളം; 'പഠാന്‍' 1000 കോടിയിലേയ്ക്ക്

ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ആയിരം കോടിയിലേക്ക് അടുക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ 946 കോടിയാണ് ഈ സിനിമ നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പിനൊപ്പം മറ്റ് ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത പതിപ്പും മികച്ച കളക്ഷന്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഇപ്പോഴിതാ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിനെ പിന്നിലാക്കിക്കൊണ്ടാണ് ഷാരൂഖ് ചിത്രം കുതിക്കുന്നത്. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഹിന്ദി പതിപ്പിന്റെ റെക്കോഡും പഠാന്‍ തകര്‍ത്തുകഴിഞ്ഞു. കെ.ജി.എഫ്. ചാപ്റ്റര്‍ 2 ന്റെ ലൈഫ് ടൈം കളക്ഷനാണ് പഠാന്‍ മറികടന്നിരിക്കുന്നത്.

പഠാന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 500 കോടിയോട് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 489 കോടി നേടിക്കഴിഞ്ഞു. 511 കോടി നേടിയ ബാഹുബലി 2 വിന്റെ ഹിന്ദി പതിപ്പ് ആണ് മുന്നില്‍.

2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.