ഇത് ഞാന്‍ നിനക്കു വേണ്ടി ചെയ്യുമെന്ന് ബാല; വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നതിനിടയില്‍ ഷെഫീക്കിന്റെ സന്തോഷം സിനിമയെക്കുറിച്ച് ബാല സംസാരിക്കുന്ന പഴയ വിഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ടാണെന്ന ബാല വെളിപ്പെടുത്തുന്നതാണ് വിഡിയോയില്‍ കാണാനാകുക.

ബാലയുടെ വാക്കുകള്‍:

”ആ സിനിമയുടെ ഒരു വരി മാത്രം എന്നോട് പറഞ്ഞതെ ഒള്ളു. അപ്പോള്‍ ഞാന്‍ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു, ഞാന്‍ ഒരു സിനിമ നിര്‍മിച്ചപ്പോള്‍ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാനും അങ്ങനെ വരും. ഇത് ഞാന്‍ നിനക്കു വേണ്ടി ചെയ്യും എന്ന് പറഞ്ഞു.

ഉണ്ണി ഒരു നായകനായതുകൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാന്‍ ഉണ്ണിയുടെ സിനിമയില്‍ അഭിനയിക്കുന്നത്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വന്നപ്പോഴുണ്ടായ അനുഭവവും ഞാന്‍ ഓര്‍ക്കുന്നു. എന്റെ കയ്യില്‍ പിടിച്ച് ഉണ്ണി പറഞ്ഞു, ‘നിങ്ങളെപ്പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം.’ ആ നല്ല മനസ് സിനിമ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ.”

Read more

ബാലയ്ക്ക് എല്ലാ ആശംസകളും എന്ന അടിക്കുറുപ്പോടെയാണ് ഉണ്ണിമുകുന്ദന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.