യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം; സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ആദ്യചിത്രത്തിലെ സാമ്യം കണ്ടെത്തി പ്രേക്ഷകന്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ചിത്രങ്ങളിലെ അപാരമായ ആ സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് റോയ് എന്ന പ്രേക്ഷകന്‍.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്‍) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ !

സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തുന്നു എന്നതാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.

Read more

No photo description available.