റഷ്യയിലെ ഷൂട്ട് നിര്‍ത്തി വിജയ് നേരെ ചെന്നൈയിലേക്ക്; വോട്ട് ചെയ്യാനെത്തിയ താരത്തെ പൊതിഞ്ഞ് ആരാധകര്‍, വീഡിയോ

പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അടക്കമുള്ള താരങ്ങള്‍. രജനികാന്ത് തന്റെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്താന്‍ തന്റെ പോളിംഗ് ബൂത്തില്‍ എത്തി.

റഷ്യയില്‍ നടക്കുന്ന ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ബൂത്തിലെത്തിയ വിജയ്‌യെ നിരവധി ആരാധകര്‍ പൊതിഞ്ഞിരുന്നു. തമിഴക വെട്രിക്ക് കഴകം എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്‌സഭാ ഇലക്ഷനില്‍ മത്സരിക്കുന്നില്ലെങ്കിലും ഷൂട്ടിംഗ് നിര്‍ത്തിവച്ച് വോട്ട് ചെയ്യാനെത്തിയ വിജയ്‌യുടെ തീരുമാനം ചര്‍ച്ചയായിട്ടുണ്ട്.

പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചും ആയിരുന്നു ആരാധകര്‍ വിജയ് പോളിങ് ബൂത്തിലെത്തിയത് ആഘോഷമാക്കിയത്. മറ്റൊരു നടനും ലഭിക്കാത്ത വലിയൊരു വരവേൽപ്പ് ലഭിച്ച താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബൂത്തിലെത്തിയ താരത്തിനെ ജനക്കൂട്ടം കാരണം കഷ്ടപ്പെട്ട് അകത്ത് കയറ്റുന്ന പൊലീസുകാരെയും വീഡിയോയിൽ കാണാം.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് വിജയ് റഷ്യയില്‍ പോയത്. ഗോട്ടിന്റെ ഷൂട്ടിനിടെയാണ് താരം വോട്ട് ചെന്നൈയില്‍ എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനായി മീശയും താടിയും വിജയ് കളഞ്ഞിരുന്നു. അതേ ലുക്കിലാണ് താരം ഇപ്പോഴുമുള്ളത്.

കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരവും ടീമുമും റഷ്യയില്‍ എത്തിയത്. അതേസമയം, മറ്റ് താരങ്ങളും ചെന്നൈയിലെ വിവിധ ബൂത്തുകളിലായി വോട്ട് ചെയ്യാനെത്തി.നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ രാവിലെ എട്ടുമണിയോടെ വോട്ട് രേഖപ്പെടുത്തി.

കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി വോട്ട് ചെയ്തത്. അജിത്ത്, ശിവകാര്‍ത്തികേയന്‍, ഗൗതം കാര്‍ത്തിക്, സംവിധായകരായ സുന്ദര്‍ സി, വെട്രിമാരന്‍, ശശികുമാര്‍ എന്നിവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.