‘എലിമൂഞ്ചി പോലെയിരിക്ക് ഇവനുടെ ഫെയ്‌സ്.. യാര് വന്ത് കാസ് കൊടുത്ത് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്ക പോറാ’ എന്നു പറഞ്ഞാല്‍ ‘കാശ് കൊടുത്ത് ഈ എലിമൂഞ്ചി പോലെയുള്ള മുഖം തിയേറ്ററില്‍ പോയി എന്തിന് കാണണം’.. എന്ന് ‘നാളൈ തീര്‍പ്പ്’ എന്ന സിനിമ എത്തിയപ്പോള്‍ സിനിമയിലെ നായകനെ കുറിച്ച് ചില നിരൂപകര്‍ എഴുതിയ വാക്കുകളാണിത്. എങ്കിലും വിമര്‍ശനത്തിലും പരാജയത്തിലും അയാള്‍ തളര്‍ന്നില്ല. ഒരുപാട് പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ജനപ്രിയ നായകനായി മാറി. വിജയ്‌യുടെ ആദ്യ സിനിമയായിരുന്നു നാളൈ തീര്‍പ്പ്. 1996ല്‍ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ്യെ ഒരു നടനായി ആളുകള്‍ അംഗീകരിച്ച് തുടങ്ങിയത്. സിനിമാ ജീവിതത്തില്‍ ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജയ്.
1999ല്‍ ‘തുള്ളാത മനവും തുള്ളും’ എന്ന സിനിമയിലൂടെ വിജയ് തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചു. കേരളത്തില്‍ നൂറ് ദിവസത്തിന് അടുത്ത് ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. 2000ല്‍ പുറത്തിറങ്ങിയ ‘ഖുശി’ വിജയ്യുടെ താര പദവി ഉറപ്പിച്ചു. ‘ഷാജഹാന്‍’ എന്ന സിനിമ എത്തിയപ്പോള്‍ തമിഴിലെ പോലെ തന്നെ കേരളത്തിലും വിജയ്ക്ക് ശക്തമായ ഫാന്‍ ഫോളോവിങ് ഉണ്ടായി. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവ വിജയുടെ വിജയ ഫോര്‍മുലയായി മാറി. 2004ല്‍ എത്തിയ ‘ഗില്ലി’, വിജയ് എന്ന മാസ് ഹീറോയുടെ സ്ഥാനം ഉറപ്പിച്ചു. തമിഴിലെ ആദ്യ 50 കോടി സിനിമയാണ് ഗില്ലി.
എന്നാല്‍ കരിയറിലെ അമ്പതാമത്തെ സിനിമ സുര ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. സ്ഥിരം പാറ്റേണില്‍ വരുന്ന വിജയ് സിനിമകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. വിജയ്ക്ക് ഇനിയൊരു തിരിച്ചു വരവില്ലെന്നും, വിജയ് സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ചില തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. എന്നാല്‍ തുടര്‍ന്ന് എത്തിയ കാവലന്‍, വേലായുധം, തുപ്പാക്കി എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടു. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സര്‍ക്കാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന് ഭയന്നിരുന്നു. ‘തലൈവ’ എന്ന സിനിമ ആ ഭയം വര്‍ദ്ധിപ്പിച്ചു. ടൈം ടു ലീഡ് എന്നായിരുന്നു സിനിമയുടെ ടാഗ് ലൈന്‍. എന്നാല്‍ താരം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇടയ്ക്ക് ഇഡിയും വിജയ്ക്ക് പിന്നാലെ എത്തിയിരുന്നു. എന്നാല്‍ താരത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു.
സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിജയ്. സ്ഥിരം ക്ലീഷേ സ്റ്റൈലുകളില്‍ എത്തുന്ന താരത്തിന്റെ നായക കഥാപാത്രവും സിനിമകളും വിമര്‍ശിക്കപ്പെടാറുണ്ട്. എങ്കിലും തമിഴകത്തും കേരളത്തിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. അതുകൊണ്ട് തന്നെ എത്രത്തോളം വിമര്‍ശിക്കപ്പെട്ടാലും താരത്തിന്റെ സിനിമകള്‍ ബോക്‌സോഫീസില്‍ ഹിറ്റുകള്‍ ആകാറുണ്ട്. മികച്ച കൊമേഴ്യല്‍ സിനിമകളാണ് വിജയ്‌യുടെ സ്റ്റാര്‍ഡം ഉയര്‍ത്തുന്നത്. വിജയ് സിനിമകള്‍ ക്ലീഷേയാണ് എന്ന് പറഞ്ഞാലും മറ്റ് താരങ്ങളില്‍ നിന്നും വിജയ്‌യെ വ്യത്യസ്തമാക്കുന്ന ഒരു പോയിന്റ് ഉണ്ട്. വിജയ് സിനിമകളില്‍ ഉള്ള കഥാപാത്രങ്ങള്‍ സാമൂഹ്യ പ്രസ്‌ക്തിയുള്ള വിഷയങ്ങള്‍ സംസാരിക്കാറുണ്ട്. സിനിമ എന്ന മീഡിയം വഴി സര്‍ക്കാരിന്റെ അഴിമതികളെ അദ്ദേഹം വിമര്‍ശിക്കാറുണ്ട്.
Read more
‘രക്ഷകന്‍’ എന്ന് കളിയാക്കുന്ന സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങള്‍ തന്നെയാണ് വിജയ്‌യുടെ സ്റ്റാര്‍ഡം ഉയര്‍ത്തുന്നത്. ജീവിതത്തിലും നാടിനെ രക്ഷിക്കാന്‍ വരുന്ന ഒരു ദൈവമായാണ് താരത്തെ ജനങ്ങള്‍ കാണുന്നത്. അവരുടെ വിശ്വാസവും പ്രതീക്ഷയുമാണ് വിജയ്. തമിഴ് സിനിമയില്‍ എംജിആര്‍ മുതല്‍ നിലനില്‍ക്കുന്ന സ്റ്റാര്‍ കള്‍ച്ചര്‍ ആണിത്. വിജയ് സിനിമകള്‍ ഇറങ്ങുന്നതിന് മുമ്പ് നടത്താറുള്ള ഓഡിയോ ലോഞ്ചുകള്‍ താരത്തെ ഏറെ ജനപ്രിയനാക്കുന്ന മറ്റൊരു ഫാക്ടര്‍ ആണെന്ന് തോന്നും. എല്ലാ സിനിമകള്‍ ഇറങ്ങുന്നതിനു മുമ്പും വലിയ ഓഡിയോ ലോഞ്ച് വച്ച് ആരാധകരെ അഭിസംബോധന ചെയുന്ന മറ്റൊരു താരം ഇന്ത്യയില്‍ ഇല്ല. അതുകൊണ്ട് തന്നെ സ്വന്തം സ്റ്റാര്‍ഡം എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് വിജയ്ക്കും അറിയാം. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ‘വാരിസ്’ ആണ് റിലീസിന് ഒരുങ്ങുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം.