ഡീ എയ്ജിംഗും പാളിയോ? നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് പിന്നാലെ 'ദ ഗോട്ട്' ഒ.ടി.ടിയിലേക്ക്; എത്തുക അണ്‍കട്ട് വേര്‍ഷന്‍

വിജയ് ചിത്രം ‘ദ ഗോട്ട്’ ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിയതെങ്കിലും 456 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. പിന്നാലെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന വിവരം എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 3 മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്. ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ ആകും ഒ.ടി.ടിയില്‍ എത്തുക എന്നാണ് വിവരങ്ങള്‍. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.

ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് നെഗറ്റീവ് പ്രതികരണങ്ങളാണ് പിന്നീട് ലഭിച്ചത്. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല. അതേസമയം, സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടാണ് ആദ്യ ഭാഗം അവസാനിപ്പിച്ചത്. ഗോട്ട് വേഴ്സസ് ഒജി എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത്ത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്രിപ്പിള്‍ റോളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിലെ തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവരുടെ കാമിയോ റോളുകള്‍ ശ്രദ്ധ നേടിയിരുന്നു. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ജി.എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്.

Read more