വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് രണ്ട് എത്തുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ് ചെയ്യും.
വിഷ്ണു ഉണ്ണികൃഷ്ണന് പുറമേ ഗോകുലന്, സുധി കോപ്പ എന്നിവരും ടീസറില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. വാവ എന്ന നാട്ടിന്‍പുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണന് ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന രേഷ്മ രാജന് ആണ് ചിത്രത്തില്‍ നായിക.
വാവ എന്ന് പേരിട്ട തന്റെ ഓട്ടോറിക്ഷയില്‍ യാത്രക്കാരനായി ഇരിക്കുന്ന വിഷ്ണുവിന്റെയും ഡ്രൈവറായ ഇരിക്കുന്ന അന്നയുടെയും നേരത്തെ എത്തിയ രസകരമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിനുലാല്‍ ഉണ്ണി ആണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല ആണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനീഷ് ലാല്‍ ആര്.എസ്. ആണ് ഛായാഗ്രഹണം. ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.