WCC അംഗങ്ങൾക്ക് മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്ക്; സഹകരിക്കുന്നവർ 'കോഓപ്പറേറ്റിംഗ് ആർട്ടിസ്റ്റ്’; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

വുമൺ ഇൻ സിനിമ കളക്ടീവ് (wcc) അംഗങ്ങൾക്ക് മലയാള സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ട്. പ്രശ്നങ്ങളും മറ്റും ചൂണ്ടികാണിച്ചാൽ പിന്നീട് നോട്ടപ്പുള്ളിയാവുമെന്നും, WCCയിൽ അംഗത്വമെടുത്തതിന് ഒരു സിനിമയിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ എന്തുകൊണ്ട് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന ശരിയായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായികൊണ്ടിരിക്കുന്നു.

കൂടാതെ ഐപിസി, പോഷ് ആക്ട് എന്നിവയനുസരിച്ച് കേസ് എടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായിരുന്നിട്ടും കരിയർ തന്നെ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും അതിക്രമങ്ങൾ പുറത്തുപറയാത്തത് എന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും സിനിമാ സെറ്റുകളിൽ രാതി സമയത്ത് റൂമിന് പുറത്ത് വാതിലിൽ നിരന്തരം മുട്ട് കേൾക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്നാണ് വിളിക്കുന്നതെന്നും, അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് എന്നീ രണ്ട് വാക്കുകൾ സിനിമയിലെ സ്ത്രീകൾക്ക് സുപരിചിതമാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇന്നിപ്പോൾ അറുപതോളം പേജുകൾ പൂഴ്ത്തിവെച്ച് റിപ്പോർട്ട് പുറത്തുവിടുമ്പോൾ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ ഇനിയെന്ത് നടപടിയാണ് ഭരണകൂടത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാവാൻ പോവുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.