ഗംഭീര കളക്ഷനും പ്രതികരണങ്ങളും നേടി തിയേറ്ററില്‍ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’. മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്ന ആശംസയോടെ എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ ഇപ്പോള്‍.
അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും, അതിന്റെ തെളിവാണ് മാര്‍ക്കോ എന്നാണ് വിനയന്‍ പറയുന്നത്. ”അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം.”
ഒരു സിനിമയുടെ തുടക്കം മുതല്‍, അത് തിയേറ്ററില്‍ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മാതാവിനെക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്.”
”നിദന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ… ആശംസകള്‍…” എന്നാണ് വിനയന്‍ പറയുന്നത്. അതേസമയം, രണ്ട് ദിവസം കൊണ്ട് മാര്‍ക്കോ 25 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ ജഗദീഷിന്റെയും അഭിമന്യുവിന്റെയും പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്.
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേല്‍’. മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്കോയുമായി എത്തിയത്.