ഹാപ്പിയല്ല ഈ 'വാലൻന്റൈൻ' ; പ്രണയം പേടിസ്വപ്നമാക്കിയ സിനിമ!

വാലൻന്റൈൻ എന്ന് കേൾക്കുമ്പോൾ പ്രണയവും പ്രണയിതാക്കളുമൊക്കെയാണ് ആദ്യം മനസിൽ വരിക. എന്നാൽ ‘വാലൻന്റൈൻ’ എന്ന വാക്ക് ഒരു പേടിസ്വപ്നമാക്കി മാറ്റിയ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സസ്‌പെൻസും കൊലപാതകത്തിന് പിന്നിലെ രഹസ്യവും മാനസിക പിരിമുറുക്കവും എന്നിവയെല്ലാം ചേർത്തിണക്കി പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇരുണ്ട വശം കൂടി കാണിച്ചു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്ലാഷർ വിഭാഗത്തിലെ ഒരു കിടിലൻ മൂവിയായി മാറിയ ‘വാലൻന്റൈൻ’ എന്ന ചിത്രമാണ് അത്.

അർബൻ ലെജൻഡ് എന്ന സിനിമയുടെ പേരിൽ അറിയപ്പെടുന്ന ജാമി ബ്ലാങ്ക്‌സ് ആണ് വാലൻന്റൈൻ സംവിധാനം ചെയ്തത്. ഒരു ചില്ലിംഗ് സ്ലാഷർ ചിത്രമാണ് 2001ൽ പുറത്തിറങ്ങിയ ‘വാലൻ്റൈൻ’. ഡെനിസ് റിച്ചാർഡ്സ്, കാതറിൻ ഹെയ്ഗൽ, ജെസീക്ക കാപ്ഷാ, ജെസീക്ക കോഫീൽ, മേരി ഷെൽട്ടൺ, ഡേവിഡ് ബോറിയാനാസ്, ജോണി വിറ്റ്വർത്ത്, ഡാനിയൽ കോസ്ഗ്രോവ്, ആദം ജെ. ഹാരിംഗ്ടൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ടോം സാവേജിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

വാലന്റൈൻസ് ദിനത്തിന് മുമ്പുള്ള ദിവസങ്ങളിൽ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ആക്രമണത്തിന് വിധേയമാകുന്ന സാൻ ഫ്രാൻസിസ്കോയിലെ ഒരു കൂട്ടം സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.

1988-ൽ സാൻ ഫ്രാൻസിസ്കോയിലെ ഒരു ജൂനിയർ ഹൈസ്കൂളിലെ സെന്റ് വാലന്റൈൻസ് ഡേ ഡാൻസിനിടെ പുറത്താക്കപ്പെട്ട വിദ്യാർത്ഥിയായ ജെറമി മെൽട്ടൺ സ്കൂളിലെ അറിയപ്പെടുന്ന നാല് പെൺകുട്ടികളോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും അവർ നിരസിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ധനികയായ സുഹൃത്ത് ഡൊറോത്തി ജെറമിയുടെ ക്ഷണം സ്വീകരിക്കുകയും ജെറമിയോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു.

ഇരുവരും മറ്റുള്ള വിദ്യാർത്ഥികളാൽ കണ്ടുപിടിക്കപെടുമ്പോൾ ജെറമി തന്നെ ശാരീരികമായി ഉപദ്രവിച്ചായി ഡൊറോത്തി പറയുകയാണ്. ശേഷം അവരിൽ നിന്നും ജെറാമിക്ക് മർദ്ദനമേൽക്കുകയും ജെറമിയെ പുറത്താക്കുകയും ചെയ്യുന്നു. പിന്നീട് ജുവനൈൽ ഹാളിലേക്കും തുടർന്ന് അദ്ദേഹം ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം, മെഡിക്കൽ വിദ്യാർത്ഥിനിയായ ഷെല്ലിക്ക് ഒരു ഭീഷണിപ്പെടുത്തുന്ന ഒരു വാലന്റൈൻസ് കാർഡ് ലഭിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയിൽ ഉള്ളത്. ഒരു മണിക്കൂറും 36 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.

2001 ഫെബ്രുവരി 2ന് തിയേറ്ററുകളിലെത്തിയ ചിത്രം, 1980 കളിലെ സ്ലാഷർ ചിത്രങ്ങളുമായി വളരെ സാമ്യമുള്ളതാണെന്ന് നിരൂപകർ വിലയിരുത്തിയിരുന്നു. 29 മില്യൺ ഡോളർ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 36.7 മില്യൺ ഡോളറാണ് നേടിയത്. മൂന്ന് ടീൻ ചോയ്‌സ് അവാർഡുകൾക്കുള്ള നോമിനേഷനുകളും ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

Read more