സെറ്റിൽ സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുന്നു; 'ഗോഡ്ഫാദർ' സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കൊപ്പോള കുരുക്കിൽ; വിമർശനം

‘ഗോഡ്ഫാദർ’ ട്രിലജി, ‘അപ്പോകാലിപ്സ് നൗ’ എന്നീ ചിത്രങ്ങളിലൂടെ ലോകസിനിമാ പ്രേമികൾക്ക് സുപരിചിതനായ ഫ്രാൻസിസ് ഫോർഡ് കൊപ്പോളെയെ വിവാദത്തിലാക്കി ഷൂട്ടിംഗ് സെറ്റിലെ വീഡിയോ. കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രമായ ‘മെഗലൊപൊളിസ്’ എന്ന സിനിമയുടെ സെറ്റിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഒരു നൈറ്റ് ക്ലബ്ബ് ഷൂട്ടിനിടെയാണ് കൊപ്പോള ജൂനിയർ താരത്തോട് മോശമായി പെരുമാറുന്നത്. നേരത്തെ കൊപ്പോളയ്ക്കെതിരെ അന്താരാഷ്ട മാധ്യമമായ ദ ഗാർഡിയൻ രംഗത്തുവന്നിരുന്നു. ചിത്രീകരണത്തിനിടെ സ്ത്രീകളെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്താനും, ചുംബിക്കാനും ശ്രമിക്കുന്ന കൊപ്പോളയുടെ വീഡിയോ സാഹിതമാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്.

തന്റെ സന്തോഷം കാരണമാണ് താൻ അവരെ ചുംബിക്കാനും കെട്ടിപിടിക്കാനും ശ്രമിച്ചതെന്നായിരുന്നു സംഭവത്തിന് ശേഷം സെറ്റിൽ വെച്ച് കൊപ്പോളയുടെ വിശദീകരണം. പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് കൊപ്പോളയ്ക്കെതിരെ ഉയർന്നുവരുന്നത്.

അതേസമയം ആദം ഡ്രൈവർ, ഒബ്റ പ്ലാസ എന്നിവർ കഥാപാത്രങ്ങളായെത്തിയ കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രം ‘മെഗലൊപൊളിസ്’ ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിലാണ് വേൾഡ് പ്രീമിയർ നടത്തിയത്.

Read more