ഗൗതം മേനോനോട് മൂന്ന് തവണ ചാന്‍സ് ചോദിച്ചു.. എസ്.എഫ്‌.ഐ, കെ.എസ്‌.യു എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അര്‍ത്ഥം പോലും അറിയില്ലായിരുന്നു: വെങ്കടേഷ്

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രണയം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നിവയ്ക്കൊപ്പം സൗഹൃദവും പുതുമയുള്ള തിരക്കഥയുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഈ കാലഘട്ടം ശക്തമായി ചര്‍ച്ച ചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ സൗത്ത്‌ലൈവുമായി പങ്കുവയ്ക്കുകയാണ് നടന്‍ വെങ്കടേഷ്.

ഈ സിനിമയില്‍ അഭിനയിക്കാന്‍ എന്താണ് പ്രേരിപ്പിച്ചത്?

ഈ സിനിമയില്‍ എന്നെ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് ഈ കഥാപാത്രം തന്നെയാണ്. ഒരു മുഴനീള കഥാപാത്രം എനിക്ക് കിട്ടുന്നത് ഈ സിനിമയിലാണ്. പിന്നെ ഇത്രയും കാസ്റ്റും ക്രൂവും ഒക്കെയുള്ള ഒരു വലിയ സിനിമയാണ്. സിനിമയില്‍ ഒരു പൊളിട്ടിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ സംസാരിക്കുന്നുണ്ട്, ഒരു പൊളിട്ടിക്കല്‍ ഇഷ്യു. അതും ഇതുവരെ വേറൊരു സിനിമയിലും ഞാന്‍ കണ്ടിട്ടില്ല. അത് എനിക്ക് യുണീക് ആയിട്ട് തോന്നി.

ക്ലാസ്‌മേറ്റ്‌സ്, ക്വീന്‍, ഒരു മെക്‌സിക്കന്‍ അപാരത പോലെ ഒരുപാട് ക്യാമ്പസ് സിനിമകള്‍ മലയാളത്തില്‍ എത്തിയിട്ടുണ്ട്. അതില്‍ നിന്നും ലവഫുള്ളി യുവേഴ്‌സ് വേദ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

ക്വീന്‍ പോലൊരു സിനിമയല്ല ഇത്. പക്ഷെ ക്ലാസ്‌മേറ്റ്‌സിന്റെ പോലെ കുറേ ടെംപ്ലേറ്റ് ലവ്ഫുള്ളി യുവേഴ്‌സ് വേദയിലുണ്ട്. ക്ലാസ്‌മേറ്റ്‌സ് എന്ന് പറഞ്ഞാല്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പോരും പ്രണയവുമാണ്. ഇവിടെ പാര്‍ട്ടി തമ്മിലുള്ള ഒരു പോര് കാണിക്കുന്നില്ല. അതുപോലെ മെക്‌സിക്കന്‍ അപാരതയും. ആ സിനിമകള്‍ പോലെ പാര്‍ട്ടി തമ്മിലുള്ള ഒരു പ്രശ്‌നമല്ല ഈ പടം പറയുന്നത്. ഇതില്‍ മാനേജ്‌മെന്റ് തമ്മിലുള്ള പ്രശ്‌നമാണ്. ഈയടുത്ത് മഹാരാജാസ് കോളേജില്‍ നടന്നിട്ടുണ്ടായിരുന്നു. 97ല്‍ കേരളവര്‍മ്മ കോളേജില്‍ നടന്നിട്ടുള്ള ഒരു പൊളിട്ടിക്കല്‍ ഇഷ്യൂ ആണ് സംസാരിക്കുന്നത്. അതാണ് മറ്റ് ക്യാമ്പസ് സിനിമകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.

Lovefully Yours Veda (2023) - Movie | Reviews, Cast & Release Date in kochi- BookMyShow

രജിഷ വിജയനൊപ്പം വീണ്ടും അഭിനയിച്ചപ്പോള്‍ എന്തായിരുന്നു എക്‌സ്പീരിയന്‍സ്?

ഭയങ്കര സന്തോഷമുണ്ട്. രജിഷയ്‌ക്കൊപ്പം ഞാന്‍ ഇത് മൂന്നാമത്തെ സിനിമയാണ്. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അതേ ഫ്രീഡം തന്നെയാണ് ഇപ്പോഴും രജിഷയുടെ അടുത്ത് ഉള്ളത്. അന്ന് ഞാന്‍ അഭിനയിക്കുമ്പോള്‍ രജിഷ സര്‍ജാനോയുടെ കൂടെ ജൂണ്‍ ചെയ്തിട്ട് നില്‍ക്കുകയാണ്. പക്ഷെ ഇപ്പോള്‍ ധനുഷ് സാറിന്റെയും സൂര്യ സാറിന്റെയും കാര്‍ത്തി സാറിന്റെയും കൂടെ ഒക്കെ അഭിനയിച്ച് നില്‍ക്കുന്ന രജിഷയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോന്ന് അങ്ങോട്ട് ചോദിച്ച് വെറുപ്പിക്കാറുണ്ട്. ധനുഷ് സര്‍ എങ്ങനെയുണ്ടായിരുന്നു, സൂര്യ സര്‍ എങ്ങനെയുണ്ടായിരുന്നു എന്താണ് പരിപാടി എന്നൊക്കെ ചോദിച്ച് ഇരിക്കും.

വേദയില്‍ കണ്ടതു പോലെ ഒരു ക്യാമ്പസ് കാലം ഉണ്ടായിട്ടുണ്ടോ?

ഇല്ല. ഞാന്‍ പ്രൈവറ്റ് എജ്യൂക്കേഷന്‍ ആണ് പിജിയൊക്കെ ചെയ്തത്. അതുകൊണ്ട് ഞാന്‍ അങ്ങനെ ക്യാമ്പസില്‍ പോയിട്ടില്ല. വേദയിലൂടെയാണ് ഞാന്‍ ക്യാമ്പസിലേക്ക് കടക്കുന്നത്. 45 ദിവസത്തോളം ക്യാമ്പസില്‍ തന്നെയായിരുന്നു. ഭയങ്കര മനോഹരമായിട്ടുള്ള ഒരു ക്യാമ്പസ് ആണ് കേരള വര്‍മ്മ. അവിടുത്തെ മരങ്ങളും ക്ലോക്ക് ടവറും ചുമരെഴുത്തും ഭയങ്കര രസമുള്ള ഓര്‍മ്മകള്‍ ഉണ്ടാക്കി തന്നു. കോളേജില്‍ പഠിച്ച പോലെ തന്നെ ഒരു ഫീല്‍ തന്നെയായിരുന്നു കേരള വര്‍മ്മയില്‍ അത്രയും ദിവസം.

എന്റെ കഥാപാത്രത്തിന്റെ പേര് ജീവന്‍ലാല്‍ എന്നാണ്. ഒരു എസ്എഫ്‌ഐ ചെയര്‍മാന്‍ ആണ്. ഞാന്‍ ഈ 45 ദിവസവും ഒരു എസ്എഫ്‌ഐ ചെയര്‍മാന്‍ ആയിട്ട് ഞാന്‍ അവിടെ വിലസി കറങ്ങി നടന്നിട്ടുണ്ട്. അത് എനിക്ക് ഇനി തിരിച്ച് കിട്ടുമോ എന്നറിയില്ല. മുമ്പ് പാര്‍ട്ടി ആയിട്ട് ഒരു ഇടപാടും ഇല്ലായിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അതിന്റെ ഫുള്‍ ഫോം പോലും അറിയില്ലായിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടി ‘ഇക്വിലാബ് സിന്ദാബാദ്’ അതിന്റെ അര്‍ത്ഥം ഒക്കെ ചോദിച്ച് മനസിലാക്കി, ചെഗുവേരയുടെ പുസ്തകമൊക്കെ വായിച്ചു. ഇതിന് വേണ്ടി വെറുതെ ചെയ്തതാണ്. ഉപയോഗപ്പെട്ടിട്ടുണ്ടോ എന്നൊന്നും അറിയില്ല. ചുമ്മാ വെറുതെ ഇരിക്കുന്ന സമയം ഇതൊക്കെ ഇങ്ങനെ വായിച്ചു.

Angane Cheyyaamodee Penne: New song from Lovefully Yours Veda out- Cinema express

കഥാപാത്രത്തിന്റെ മാനറിസം ഉണ്ടാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടോ?

ഇത് ശരിക്കും ഒരു റിയല്‍ ലൈഫ് ഇന്‍പയേഡ് ക്യാരക്ടറാണ്. ഞങ്ങളുടെ സംവിധായകന്‍ പ്രഗേഷ് സുകുമാരന്‍. പ്രഗേഷേട്ടന് അറിയാമായിരുന്നു എങ്ങനെ ആയിരിക്കണം ഇവന്റെ നടത്തവും കാര്യങ്ങളുമൊക്കെ, ബോഡി ലാഗ്യേജ് എങ്ങനെയായിരിക്കണം, സംസാര രീതി എങ്ങനെയായിരിക്കണം, എന്നൊക്കെ സംവിധായകന് അറിയാമായിരുന്നു. പുള്ളി പറഞ്ഞു, ഞാന്‍ ചെയ്തു.

ഗൗതം മേനോന്‍ ഏവര്‍ക്കും പ്രിയപ്പെട്ട സംവിധായകനാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടോ?

എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഗൗതം സാറ് ഇന്‍ ആണെന്ന് പറഞ്ഞപ്പോഴേ എനിക്ക് ഭയങ്കര അത്ഭുതവും സന്തോഷവും ആയിരുന്നു. കാരണം ട്രാന്‍സിന് ശേഷം ഗൗതം സര്‍ ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്. ഒരു അഭിനേതാവ് എന്ന നിലയില്‍ പുള്ളി ഒരുപാട് സ്വധീനിച്ചിട്ടുണ്ട്. പിന്നെ അദ്ദേഹത്തിന്റെ രണ്ട് അസിസ്റ്റന്റ്‌സിനോട് ചാന്‍സ് ചോദിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ് ഞാന്‍. ആ വ്യക്തി തന്നെ എനിക്കൊപ്പം അഭിനയിക്കുക, എന്റെ മുന്നില്‍ വന്ന് ഇരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ സ്വപ്‌നതുല്യമായൊരു നിമിഷമായിരുന്നു. ഭയങ്കര സന്തോഷമായിരുന്നു. സാറ് ഭയങ്കര വിനയമാണ്, നമ്മളോടൊക്കെ വെറുതെ സംസാരിക്കും. ഭയങ്കര ഫ്രീ ആയിട്ടുള്ള വ്യക്തി കൂടിയൈാണ്. ഞാന്‍ മൂന്ന് വട്ടം സിനിമയില്‍ ചാന്‍സ് ചോദിച്ചു.

ശ്രീനാഥ് ഭാസിയും മറ്റ് അഭിനേതാക്കള്‍ക്കും ഒപ്പമുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നു?

ഭാസിയൊക്കെ കിടിലമാണ്. ഭാസി അടിപൊളിയാണ്. ഷൂട്ട് കഴിഞ്ഞാല്‍ നമ്മള് നേരെ ഭാസിയുടെ കാരവാനില്‍ ഇരിക്കും. മൂന്ന് മണിക്കൂറോളം സംസാരിക്കും. അഞ്ച് മണിക്ക് ഷൂട്ട് കഴിഞ്ഞാല്‍ നമ്മള്‍ 8.30ക്ക് ഒക്കെയാകും പിരിയുന്നത്. ഡെയ്‌ലി വിളിച്ച് സംസാരിക്കും. ഭാസി ഡയറക്ട് ചെയ്ത ഒരുപാട് പാട്ടുകളുണ്ട്, അതെല്ലാം ഞങ്ങള്‍ക്ക് കേള്‍പ്പിച്ച് തരും. ഒരു അഭിനേതാവ് എന്ന നിലയില്‍ പുള്ളിയുടെ കൂടെ അഭിനയിക്കുന്നത് ഭയങ്കര സന്തോഷം തരും. പിന്നെ ഷാജു ചേട്ടനുണ്ട്, അപ്പാനി രവി, ചന്തുനാഥ്, രഞ്ജിത്ത് ശേഖര്‍, ശ്രുതി ജയന്‍, നില്‍ജ, അനിഖ സുരേന്ദ്രന്‍, തിങ്കളാഴ്ച നിശ്ചയത്തിലെ അര്‍ജുന്‍ പി. അശോകന്‍ അങ്ങനെ ഒരുപാട് ആള്‍ക്കാര് ഉണ്ടായിരുന്നു. ഇതൊരു ക്യാമ്പസ് ഫിലിം ആയതുകൊണ്ട് ഡെയ്‌ലി 80-70 പിള്ളേര്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും ഈ 80 പേരിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

വേദയ്ക്ക് എതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ് ആക്രമണം നടത്തുകയാണെങ്കില്‍ എങ്ങനെ പ്രതികരിക്കും?

വിഷമം തോന്നും എന്ന് മാത്രമേയുള്ളൂ. എന്തൊക്കെ പ്രതികരിച്ചാലും ഏതെങ്കിലും ഒരു ഓഡിയന്‍സിന് എങ്കിലും പടം കാണാതിരിക്കില്ലല്ലോ. അവര്‍ക്ക് ആ പടം ക്ലിക്ക് ആവുകയാണെങ്കില്‍ അവര് അത് വേറെ ഒരാളുടെ അടുത്ത് സജസ്റ്റ് ചെയ്യും. നമ്മുടെ പടത്തിന് അങ്ങനെ നെഗറ്റീവ് ക്യാംപെയന്‍ ഒന്നും ഉണ്ടാവില്ല. കാരണം നമ്മള്‍ ആര്‍ക്കും ഒരു ഭീഷണിയൊന്നുമില്ല, പാവപ്പെട്ട കുറച്ച് ആള്‍ക്കാരാണ്. പക്ഷെ അങ്ങനെ വരികയാണെങ്കില്‍ നമുക്ക് വിഷമമുണ്ടാകും. പക്ഷെ ഓഡിയന്‍സ് എന്ത് പറഞ്ഞാലും നമ്മള്‍ അത് കേട്ടേ പറ്റുള്ളൂ. കാരണം അവരുടെ സമയം മുടക്കി, 150 രൂപ മുടക്കി നമുക്ക് വേണ്ടി, നമ്മളെ വിശ്വസിച്ച് തിയേറ്ററില്‍ എത്തുന്ന ആളാണ്.

യൂട്യൂബര്‍മാര്‍ക്കെതിരെ നമുക്ക് എന്ത് പ്രതികരിക്കാന്‍ പറ്റും. ഒരാള്‍ക്ക് എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അല്ലാതെ നീ ഇങ്ങനെ പറയാന്‍ പാടില്ല, ഞാന്‍ ഇങ്ങനെ പറയാന്‍ പാടില്ല എന്നൊക്കെ നമുക്ക് പറയാന്‍ പറ്റില്ല. അയാള് പറയുന്നത് കേട്ടേ പറ്റുള്ളൂ. ആ ഒരാള്‍ മാത്ര വിചാരിച്ചാല്‍ സിനിമ തകര്‍ക്കാന്‍ ഒന്നും പറ്റില്ല. ബാക്കി ഓഡിയന്‍സ് ഇവിടെ സിനിമ കാണാന്‍ പോകുന്നുണ്ടല്ലോ. ഇന്നലെ ഞങ്ങള്‍ എറണാകുളത്ത് വനിത വിനീത തിയേറ്ററില്‍ ഒന്ന് കയറി പുറത്തോട്ട് വന്നപ്പോള്‍, 50 വയസുള്ള അങ്കിള്‍ കൈകാണിച്ച് നിര്‍ത്തിയിട്ട് ‘അല്ല നിങ്ങളുടെ സിനിമ മോശം ആണ് എന്നാണല്ലോ പറഞ്ഞ് കേട്ടിരിക്കുന്നത്. എന്നാല്‍ അങ്ങനെ തോന്നീലാ നല്ലതാ’ എന്ന് പറഞ്ഞു. ഇതെല്ലാം ഓരോ ഓഡിയന്‍സ് പെസ്‌പെക്ടീവ് ആണല്ലോ.

Lovefully Yours Veda | ഗൗതം വാസുദേവ മേനോന്‍ വീണ്ടും മലയാളത്തിലേക്ക്; ലവ്ഫുള്ളി യുവേഴ്‌സ് വേദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ | gautham menon starring ...

എന്നുവച്ച് ഒരാള്‍ക്ക് പടം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ നമുക്ക് അയാളെ ഫോണില്‍ വിളിച്ച് തെറി വിളിക്കാന്‍ ഒന്നും പറ്റില്ലല്ലോ. ഒരാള് പറയുന്നത് നമ്മള്‍ക്ക് ഒരിക്കലും മോശമാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ നമുക്ക് വിഷമം ഒക്കെ വരും. എല്ലാവരും നല്ലത് പറഞ്ഞിരുന്നെങ്കില്‍ ന്നെ ആഗ്രഹമൊക്കെ വരും.

ഒരു അഭിമുഖത്തില്‍ രജിഷ പറഞ്ഞിട്ടുണ്ട്, സിനിമയില്‍ നിന്നും ഒരു വിവേചനവും തനിക്ക് ഉണ്ടായിട്ടില്ലെന്ന്. വെങ്കിടേഷിന് അതുപോലെ എന്തെങ്കിലും എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ടോ?

എന്നെ ശരിക്കും തഴയപ്പെടേണ്ട സ്ഥലത്ത് പോലും എന്നെ കുറേപ്പേര്‍ തൂക്കി എടുക്കുന്നുണ്ട് ഞാന്‍ പോലും അറിയാതെ. ഞാന്‍ ഇതുവരെ ഒരു സ്ഥലത്തും തഴയപ്പെട്ടിട്ടില്ല. ഓരോ സിനിമകള്‍ എനിക്ക് തരുന്നുണ്ട്. അത് എനിക്ക് ചുറ്റമുള്ള നല്ല മനുഷ്യരാകും. നായികാ-നായകനിലൂടെ വന്നു എന്നേയുള്ളൂ. ഇനി അങ്ങനത്തെ റിയാലിറ്റി ഷോ ചെയ്യാന്‍ പറ്റില്ല. കാരണം നമ്മള്‍ എന്തെങ്കിലുമൊരു മണ്ടത്തരം കാണിച്ചാല്‍, നമ്മളെ എടുത്തിട്ട് ട്രോളും.

ലവ്ഫുള്ളി യുവേഴ്‌സ് വേദ ഇനിയും കാണാത്ത പ്രേക്ഷകരോട് എന്താണ് പറയയാനുള്ളത്?

പ്രേകഷകരോട് പറയനുള്ളത്, ഇതൊരു 90സ് ക്യാമ്പസ് ചിത്രമാണ്. 90സില്‍ പഠിച്ചവര്‍ക്ക് കുറച്ചു കൂടി നൊസ്റ്റാള്‍ജിക് മെമറീസ് കണക്ട് ചെയ്യാന്‍ പറ്റുന്നൊരു സിനിമയാണ്. പലര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും തിയേറ്ററില്‍ വന്ന് പടം കാണുക എന്നൊരു അപേക്ഷ മാത്രമേയുള്ളു