ശ്യാം പ്രസാദ്
മലയാള സിനിമയിൽ കണ്ടും പറഞ്ഞും പഴകിയ കഥയും കഥാപരിസരവും തന്നെയാണ് ‘അഞ്ചക്കള്ളകോക്കാന്റെ’ ഭൂമികയും. എന്നാൽ അത്തരമൊരു കഥയെ പ്രേക്ഷകനെ മടുപ്പിക്കാതെ എങ്ങനെ അവതരിപ്പിക്കും എന്നതിന്റെ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് അഞ്ചക്കള്ളകോക്കാൻ പൊറാട്ട് എന്ന ചിത്രം.
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണകൂട ഭീകരതകളിലൊന്നായ തങ്കമണി സംഭവം അരങ്ങേറിയത് 1986-ലാണ്. ഇതേ കാലഘട്ടത്തിൽ കേരള- കർണാടക അതിർത്തി ഗ്രാമമായ കാളഹസ്തിയിലെ കുറച്ച് മനുഷ്യരും, അവിടുത്തെ പൊലീസ് വ്യവസ്ഥിതിയും തമ്മിലുള്ള സംഘർഷമാണ് തന്റെ ആദ്യ സിനിമയായ ‘അഞ്ചക്കള്ളകോക്കാൻ- പൊറാട്ട്’ എന്ന ചിത്രത്തിലൂടെ ഉല്ലാസ് ചെമ്പൻ പറയുന്നത്. വടക്കൻ മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ‘പാമ്പിച്ചി’ എന്ന ഹ്രസ്വചിത്രത്തിലൂടെ ഉല്ലാസ് ചെമ്പൻ നേരത്തെ തന്നെ, കഥ പറയാനുള്ള തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു ഫിലിംമേക്കറാണ്.
ചാപ്ര എന്നറിയപ്പെടുന്ന എസ്റ്റേറ്റ് മുതലാളിയുടെ കൊലപാതകം നടന്നതിന്റെ പിറ്റേന്ന് കാളഹസ്തി എന്ന ഗ്രാമത്തിലേക്ക് പോസ്റ്റിങ് കിട്ടിവരുന്ന വസുദേവൻ (ലുക്മാൻ) എന്ന സിവിൽ പൊലീസ് ഓഫീസറുടെ വീക്ഷണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പുറമെനിന്ന് നോക്കുമ്പോൾ വളരെ ശാന്തവും എന്നാൽ ഉള്ളിൽ നിറയെ സംഘർഷഭരിതവുമായ മലയോരഗ്രാമമാണ് കാളഹസ്തി. ആദ്യമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന വസുദേവനെ കൂടെകൊണ്ട് നടന്ന് പേടി മാറ്റുന്ന, നടവരമ്പൻ (ചെമ്പൻ വിനോദ്) എന്ന മേലുദ്യോഗസ്ഥൻ, ആദ്യ കാഴ്ചയിൽ മറ്റ് പൊലീസുകാരെ അപേക്ഷിച്ച് വളരെ സൗമ്യനും, ദയാലുവുമായ മനുഷ്യനാണെന്ന് കാണാൻ കഴിയും. തുടർന്ന് നോൺ ലീനിയർ നറേഷനിലൂടെ വസുദേവന്റെ കുട്ടികാലവും സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും, സംഭവവികാസങ്ങളുടെയും പിൻകഥകൾ സിനിമ ചർച്ചചെയ്യുന്നു.
ചാപ്ര എന്ന എസ്റ്റേറ്റ് മുതലാളി കൊല്ലപ്പെടുന്നതോടു കൂടി, കൊലയാളിയെ കണ്ടുപിടിക്കാൻ പൊലീസ് എന്ന ഭരണകൂടത്തിന്റെ മർദ്ധനോപകരണത്തിന് അതിന്റെ എല്ലാ തരത്തിലുള്ള വയലൻസും പുറത്തെടുക്കേണ്ടി വരുന്നു. ആരായിരിക്കും ചാപ്രയെ കൊന്നത്? എന്തിനായിരിക്കും കൊന്നത് എന്ന ചോദ്യം തന്നെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
ചാപ്രയെ കൊന്നവരോട് പ്രതികാരം ചെയ്യാൻ വരുന്ന മക്കളായ ‘ഗില്ലാപ്പികൾ’ ആണ് സിനിമയുടെ നെടുംതൂൺ എന്ന് വേണമെങ്കിൽ പറയാം. കറുത്ത മനുഷ്യരെ കാലകാലങ്ങളായി കള്ളിമുണ്ടിലും ടീ ഷർട്ടിലും ഒതുക്കിനിർത്തിയിരുന്ന മലയാള സിനിമയുടെ സവർണ്ണ ബോധത്തിനെ ഗില്ലാപ്പികളുടെ അതിഗംഭീരമായ പ്രതിനിധാനത്തിലൂടെ സിനിമ ചോദ്യം ചെയ്യുന്നുണ്ട്.
ഗില്ലാപ്പികളുടെ ഷാപ്പിലെ സംഘട്ടനരംഗമാണ് സിനിമയിൽ ഏറ്റവും മികച്ച രംഗം, ‘ഒന്നാനാം കൊച്ചുതുമ്പി’ എന്ന നാടൻപാട്ടിന്റെ ഗംഭീരമായ മറ്റൊരു വേർഷൻ ഷാപ്പിലെ സംഘട്ടനത്തിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്. സംഗീത സംവിധാനം നിർവഹിച്ച മണികണ്ഠൻ അയ്യപ്പ കയ്യടി അർഹിക്കുന്നു, സിനിമയിലുടനീളം അതിന്റെ ആകാംക്ഷയും മൂഡും നിലനിർത്താൻ പശ്ചാത്തല സംഗീതത്തിനും രണ്ട് ഗാനങ്ങൾക്കും സാധിച്ചിട്ടുണ്ട്. കൂടാതെ അരുൺ മോഹന്റ (അർമോ) ഗംഭീരമായ സിനിമാറ്റോഗ്രഫിയും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. കൂടാതെ രോഹിത് വി. എസിന്റെ എഡിറ്റിങ്ങും ഗംഭീരമാണ്. 1980 കളുടെ അവസാന കാലഘട്ടം ചിത്രീകരിക്കുന്നതിന് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ബ്രൗൺ കളർ പാലറ്റ് സിനിമയുടെ മൂഡിനോട് ചേർന്ന്നിൽക്കുന്ന ഒന്നാണ്.
ഫോക്കിന്റെയും, കെട്ടുകഥകളുടെയും അതിഗംഭീര സമ്മിശ്രണമാണ് സിനിമയുടെ ഭംഗി. കുട്ടികളെ അനുസരണ പഠിപ്പിക്കാൻ അഞ്ചക്കള്ളകോക്കാൻ വരുമെന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന ഒരു കാലം 80കൾ മുതൽ 90കളുടെ അവസാനം വരെ നിലനിന്നിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ ഇന്ന് അത്തരം കഥകളോ പേടിപ്പെടുത്തലുകളെയോ കുട്ടികൾ ഭയക്കുന്നില്ല. 1980-90 കാലഘട്ടത്തിൽ ജീവിച്ച കുട്ടികൾക്ക് അതുകൊണ്ട് തന്നെ കോക്കാൻ, കോക്കാച്ചി, അഞ്ചക്കള്ളകോക്കാൻ തുടങ്ങീ നിരവധി പേരുകളിൽ ഇത്തരം ഓർമ്മകൾ ഉണ്ടായിരിക്കാം. വസുദേവൻ ചെറുപ്പത്തിൽ അമ്മയോട് ചോദിക്കുന്നുണ്ട്, ഈ അഞ്ചക്കള്ളകോക്കാൻ ശരിക്കുമുണ്ടോ എന്ന്. അതിനുള്ള ഉത്തരം കൂടിയാണ് സിനിമ.
അഞ്ചക്കള്ളകോക്കാൻ എന്ന മിത്തിനെ ഒരു രൂപകമായി പ്രതിനിധീകരിച്ച് മനുഷ്യരിലെ തന്നെ വയലൻസും പൊലീസിന്റെ ഭരണകൂട ഭീകരതയും സിനിമ കൃത്യമായി സംസാരിക്കുന്നു.
കഥാപാത്രങ്ങൾക്ക് സംവിധായകൻ നൽകിയ ആഴവും വിശദീകരണവും തന്നെയാണ് സിനിമയുടെ കാതൽ. വസുദേവൻ, നടവരമ്പൻ, ചാപ്രയുടെ മക്കളായ ഗില്ലാപ്പികൾ, മണികണ്ഠൻ അവതരിപ്പിച്ച ശങ്കരാഭരണം, സെന്തിൽ കൃഷ്ണ അവതരിപ്പിച്ച കൊളളിയാൻ, മേഘ തോമസിന്റെയും, മെറിൻ മേരി ഫിലിപ്പിന്റെയും സ്ത്രീ കഥാപാത്രങ്ങൾ തുടങ്ങീ എല്ലാം തന്നെ കൃത്യമായ അസ്തിത്വമുള്ള, രാഷ്ട്രീയമുള്ള, അവരവരുടേതായ ലക്ഷ്യങ്ങളുള്ള കഥാപാത്രങ്ങളാണ്.
മനുഷ്യന്റെ ഹിംസയെ ആണ് അഞ്ചക്കള്ളകോക്കാൻ പ്രമേയമാക്കുന്നത്. ഏതൊരു മനുഷ്യന്റെയുള്ളിലും ഉറങ്ങികിടക്കുന്ന വയലൻസ് ചിലപ്പോഴെങ്കിലും പുറത്തേക്ക് വരും. ഇതിലെ ഓരോ കഥാപാത്രങ്ങളുടെ ഉള്ളിലും പലവിധത്തിലുള്ള ഹിംസകൾ നിലനിൽക്കുന്നുണ്ട്.
നടവരമ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്റെ അധികാരമുപയോഗിച്ച് എങ്ങനെയാണ് മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്നും, അത്തരം ചൂഷണങ്ങൾ ഇതേ അധികാരമുപയോഗിച്ച് എങ്ങനെയാണ് കാലങ്ങളായി മറച്ചുവെക്കുന്നതെന്നും അത്തരം ചൂഷണങ്ങൾക്ക് ഇരയായ മനുഷ്യർ അവരുടെ തന്നെ വയലൻസിലൂടെ എങ്ങനെയാണ് നീതി തേടാൻ ശ്രമിക്കുന്നത് എന്നുമാണ് അതിഗംഭീരമായ ദൃശ്യാനുഭവത്തിലൂടെ ഉല്ലാസ് ചെമ്പൻ പറയുന്നത്.
നടവരമ്പന്റെ വിവരണങ്ങളിലൂടെയാണ് ആദ്യ ദിനങ്ങളിൽ വസുദേവൻ കാളഹസ്തിയെ അറിയുന്നത്. ആദ്യ ദിനം തന്നെ ചാരയം വാറ്റ് റൈഡ് ചെയ്യാൻ പോകുമ്പോൾ വസുദേവന് സാരമായ പരിക്ക് പറ്റുന്നുണ്ട്. ആ സമയങ്ങളിലെല്ലാം നടവരമ്പൻ ഒരു മേലുദ്യോഗസ്ഥൻ എന്നതിലുപരി, ഒരു സുഹൃത്തിനെ പോലെയാണ് പെരുമാറുന്നത് എന്ന് കാണാൻ കഴിയും. വസുദേവനോട് മാത്രമല്ല, നാട്ടിലെ ഒരു വിധം എല്ലാ മനുഷ്യരോടും നടവരമ്പൻ നല്ലവനായ പൊലീസുകാരനാണ്. നടവരമ്പന്റെ ക്യാരക്ടർ ആർക്ക് ഗംഭീരമാണ്. നല്ലവനായ പൊലീസുകാരൻ എന്ന മുഖത്തിനപ്പുറം ഒരു പിഡോഫൈലായ, അബ്യൂസ്സറായ മനുഷ്യൻ ഓരോ ഘട്ടമായി പുറത്തുവരുന്നത് വളരെ ഭംഗിയായാണ് ഉല്ലാസ് ചെമ്പൻ ചിത്രീകരിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് എന്ന ഇരുത്തം വന്ന ആക്ടറുടെ കയ്യിൽ നടവരമ്പൻ എന്ന കഥാപാത്രം ഭദ്രമായിരുന്നു.
ലുക്മാൻ അവതരിപ്പിച്ച വസുദേവനിലേക്ക് വന്നാൽ, സംസാരിക്കാൻ ചെറുതായി വിക്കുള്ള, ഒരുപാട് ചൈൽഡ്ഹുഡ് ട്രോമകളുള്ള, ഒരു ദലിതൻ എങ്ങനെയാണ് നീതിയുടെ പക്ഷത്തേക്ക് ചേർന്ന് നിൽക്കാൻ അധികാരത്തോട് പോരാടുന്നതെന്നാണ് സിനിമയിലൂടെ കാണിച്ചിരിക്കുന്നത്. വസുദേവനിലെ വയലൻസ് സിനിമയുടെ അവസാനത്തോട് അടുക്കുമ്പോഴാണ് പുറത്തുവരുന്നത്, അത്തരമൊരു വയലൻസ് ട്രിഗർ ആവുന്നത് തന്നെ അവന്റെ കുട്ടിക്കാലവുമായി ബന്ധപ്പെട്ടുകൂടിയാണ്.
പാലക്കാട് ജില്ലയിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ മകരം- ഇടവം മാസങ്ങളിൽ അരങ്ങേറുന്ന ഒരു നാടൻ കലാരൂപമാണ് പൊറാട്ട് നാടകം. പാണൻ സമുദായത്തിൽപ്പെട്ട മനുഷ്യരാണ് പൊറാട്ട് നാടകം അവതരിപ്പിക്കുന്നത്. പുറന്തള്ളപ്പെട്ട ജനങ്ങളുടെ ആട്ടം എന്നറിയപ്പെടുന്ന പൊറാട്ട് കൃത്യമായും ദലിത് മനുഷ്യരുടെ പ്രതിനിധാനം തന്നെയാണ്. ടൈറ്റിലിൽ സൂചിപ്പിക്കുന്ന പൊറാട്ട് എന്ന പദത്തിന് സിനിമയിൽ കൃത്യമായ സ്ഥാനമുണ്ട്. പൊറാട്ട് നാടകം കളിച്ചിരുന്ന മാതാപിതാക്കൾ, അഞ്ചക്കള്ളകോക്കാൻ എന്ന മിത്തിന്റെ ഓർമ്മകളും,
കുട്ടികാലത്തിന്റെ വേട്ടയാടലുകളും ഭാവിയിൽ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത് എന്നത് വസുദേവൻ എന്ന കഥാപാത്രത്തിലൂടെ കൃത്യമായി സംവിധായകൻ അടയാളപ്പെടുത്തുന്നു.
സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ, രണ്ട് കഥാപാത്രങ്ങളാണ് ഗില്ലാപ്പികൾ. കമ്മട്ടിപ്പാടത്തിൽ വിനായകന്റെ ചെറുപ്പകാലം അവതരിപ്പിച്ച പ്രവീൺ ടി. ജെ, അങ്കമാലി ഡയറീസിലെ മരംകൊത്തി സിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെറിൻ ജോസ് എന്നിവർക്ക് കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയാണ് അഞ്ചക്കള്ളകോക്കാനിലൂടെ ലഭിച്ചിരിക്കുന്നത്. സ്വന്തം അപ്പനെ കൊന്നവരെയാണ് അവർക്ക് കണ്ടെത്തേണ്ടത്. അതിന് അവരും വയലൻസിന്റെ പാത തന്നെയാണ് തിരഞ്ഞെടുത്തത്. വേഷവിധാനങ്ങൾ കൊണ്ടും ക്യാരക്ട്ർ ഡെവലപ്പ്മെന്റ് കൊണ്ടും ഗില്ലാപ്പികൾ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങൾ കൂടിയാണ്.
കമ്മട്ടിപാടത്തിലെ ബാലൻ ചേട്ടന് ശേഷം മണികണ്ഠന് തന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച മറ്റൊരു മികച്ച കഥാപാത്രമാണ് ശങ്കരാഭരണം എന്ന കൊല്ലം ശങ്കരൻ. അയാളും തേടികൊണ്ടിരിക്കുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരമാണ്. അയാളുടെ നീതിയുടെ വഴിയും വയലൻസ് എന്നത് തന്നെയാണ്.
തിരിച്ച് ചാപ്ര എന്ന കഥാപാത്രം എങ്ങനെ, എന്തിന് കൊല്ലപ്പെട്ടു എന്ന് ചോദിക്കുമ്പോഴും അവിടെയും നീതിയും പ്രതികാരവും എന്ന ദ്വന്തം കാണാൻ കഴിയും. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സിനിമ ചർച്ച ചെയ്യുമ്പോഴും, യഥാർത്ഥ ജീവിതത്തിൽ ഇത്തരം അതിക്രമങ്ങളുടെയും വയലൻസുകളുടെയും ഭാഗമായ ശ്രീജിത്ത് രവി എന്ന നടനെ സ്ക്രീനിൽ കാണുമ്പോൾ തീർച്ചയായും അതൊരു മിസ്കാസ്റ്റ് ആയി തന്നെയാണ് തോന്നിയത്.
അഞ്ചക്കള്ളകോക്കാൻ ടെക്നിക്കലി മികച്ച് നിൽക്കുന്ന, ഗംഭീരമായ ഒരു ആക്ഷൻ- ത്രില്ലർ ചിത്രം തന്നെയാണ്. ആക്ഷൻ കൊറിയോഗ്രഫി ചെയ്ത ആർ. രാജശേഖറും, ബില്ല ജഗനും കയ്യടി അർഹിക്കുന്നു. ഓരോ ഭാഗത്തും പ്രേക്ഷകന്റെ ആകാംക്ഷയെ ഉയർത്തുന്ന മ്യൂസിക് കൊണ്ടുള്ള മണികണ്ഠൻ അയ്യപ്പയുടെ കൃത്യമായ ഇടപെടലുകൾ കാണാം.
പൊലീസ് എന്ന ഭരണകൂട വ്യവസ്ഥിതി ഹിംസ എന്ന അതിന്റെ അധികാരം ഉപയോഗിച്ച് ലോക്കപ്പ് മർദ്ധനവും, കൊലപാതകവും അടക്കമുള്ള ലോകത്തിലെ എല്ലാതരം കുറ്റകൃത്യങ്ങളെയും, അതിക്രമങ്ങളെയും മറച്ചുവെക്കുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യുന്ന കാലത്ത് അഞ്ചക്കള്ളകോക്കാൻ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.
Read more
ഒരു നവാഗത സംവിധായകന്റെ സിനിമയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന ചിന്ത പ്രേക്ഷകനിൽ ജനിപ്പിക്കാത്ത തരത്തിൽ 2 മണിക്കൂർ എൻഗേജ് ചെയ്യിപ്പിക്കുക എന്നത് ഒരു വലിയ കാര്യമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ കണ്ടും കേട്ടും ശീലിച്ച പകയും പ്രതികാരവുമാണ് പ്രമേയമെങ്കിലും, ടെക്നിക്കലി എല്ലാ വിഭാഗവും മികച്ചു നിൽക്കുന്ന തീർച്ചയായും തിയേറ്റർ വാച്ച് ഡിമാന്റ് ചെയ്യുന്ന മനോഹരമായ ദൃശ്യാനുഭവമാണ് ഉല്ലാസ് ചെമ്പന്റെ അഞ്ചക്കള്ളകോക്കാൻ പൊറാട്ട് എന്ന ചിത്രം.