സാന്‍ കൈലാസ്
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം, ഷൈലോക്ക് പ്രഖ്യാപിച്ചപ്പോള്‍ അതായിരുന്നു ആരാധകരെ ത്രസിപ്പിച്ചതും ഏറെ കാത്തിരുത്തിയതും. ഒരു മാസ് ഫാമിലി എന്റര്ടെയ്നര് എന്ന വിശേഷണത്തോടെ തിയേറ്ററുകളിലേക്ക് എത്തിയ ഷൈലോക്ക് ആരാധകരെ ഒരിക്കലും നിരാശരാക്കില്ല എന്ന് ആദ്യം തന്നെ പറയട്ടെ.
ഷേക്സ്പിയര് മാസ്റ്റര്‍പീസായ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്ക് എന്ന കഥാപാത്രം ഏറ്റവും ക്രൂരനായ പലിശക്കാരനാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രവും പലിശക്കാരനാണ്. സിനിമയിലെ നിര്‍മ്മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ്. കൊടുത്ത പണം തിരികെ കിട്ടിയില്ലെങ്കില്‍ അത് തിരികെ വാങ്ങാന്‍ ബോസിന്റേതായ ചില രീതികളുണ്ട്. അങ്ങനെ പൊലീസുകാരും സിനിമാക്കാരും ബോസിന് നല്‍കിയിരിക്കുന്ന പേരാണ് ഷൈലോക്ക് എന്നത്. ഈ ബോസ് എന്ന ഷൈലോക്കിന്റെ നിറഞ്ഞാട്ടമാണ് സിനിമയുടെ ആദ്യ പകുതി. ഒരു കംപ്ലീറ്റ് മമ്മൂട്ടി ഷോ.
രണ്ടാം പകുതിയിലാണ് കഥയിലേക്ക് പ്രേക്ഷകര്‍ എത്തുന്നത്. ക്രൂരനായ ബോസ് എന്ന പലിശക്കാരന്റെ ഉള്ളില്‍ അദ്ദേഹം തന്നെ കരുതിക്കൂട്ടി വ്യക്തമായ പ്ലാനോടെ ഉറക്കി കിടത്തിയ പ്രതികാരത്തിന്റെ കഥ. അത് തുടങ്ങുന്നത് കമ്പം തേനി പ്രദേശത്തില്‍ നിന്ന്. അവിടെ സന്തോഷത്തോടും സമാധാനത്തോടും വാഴുന്ന കുടുംബത്തില്‍ നിന്ന്. ആ കുടുംബത്തിന് മേല്‍ വന്നുഭവിക്കുന്ന അപ്രതീക്ഷിത ദുരിതത്തില്‍ നിന്നാണ് ഷൈലോക്കിന്റെ പിറവി.
ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തിന് പോരായ്മകള്‍ ചൂണ്ടിക്കാട്ടുക പ്രയാസം. സിനിമാ പശ്ചാത്തലമുള്ള ഒരു കഥയാണ് ഷൈലോക്ക് പറയുന്നത്. അതുകൊണ്ട് തന്നെ സിനിമാ പ്രേമിയും സിനിമയില്‍ ഒരു അവസരം ഒരുകാലത്ത് സ്വപനം കണ്ടിരുന്നയാളുമായ ബോസ് ഹിറ്റ് സിനിമകളിലെ പല പഞ്ച് ഡയലോഗുകള്‍ സിനിമയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഡയലോഗുകള്‍ മമ്മൂട്ടി വേര്‍ഷനിലേക്ക് എത്തുമ്പോള്‍ അത് അരോചകമായി തോന്നുന്നില്ല എന്നത് ശ്രദ്ധേയം.
ബോസിന്റെ പകര്‍ന്നാട്ടത്തിനിടയിലും തിളങ്ങി നില്ക്കുന്ന ശക്തമായ കഥാപാത്രമാണ് തമിഴ് നടന് രാജ്കിരണിന്റെ കഥാപാത്രവും. സമാധനത്തിന്റെ ശാന്തിയിലേക്ക് അശാന്തിയുടെ കഴുകന് കണ്ണുകള്‍ പതിഞ്ഞപ്പോള്‍ ബോസിന് പ്രതികാരത്തിന്റെ മന്ത്രമോതുന്നത് രാജ്കിരണിന്റെ അയ്യനാര് എന്ന കഥാപാത്രമാണ്. അദ്ദേഹത്തിന്റെ ശൈലിക്ക് ഒത്ത കഥാപാത്രം തന്നെയാണ് അയ്യനാര്. ബോസിന്റെ നിറഞ്ഞാട്ടത്തിന് മാറ്റ് കൂട്ടാന്‍ ശത്രപക്ഷത്ത് സിദ്ദിഖും കലാഭവന്‍ ഷാജോണുമാണ് എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ സിദ്ദിഖ് എത്തുമ്പോള്‍ സിനിമ പ്രൊഡൂസറുടെ വേഷമാണ് ഷാജോണിന്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതായി അവതരിപ്പിച്ചിരിക്കുന്നു.
ബോസിന്റെ ഇടവും വലവും ഉള്ള ബൈജു സന്തോഷും ഹരീഷ് കണാരനും തന്റെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ശത്രുക്കളുടെ പക്ഷത്ത് ശക്തമായ ഒരു കഥാപാത്രമായി സംവിധായകന് അജയ് വാസുദേവും എത്തി മിന്നിച്ചു എന്നതും ശ്രദ്ധയം. രാജ്കിരണിന്റെ ഭാര്യയായി എത്തിയ നടി മീനയും ചിത്രത്തില്‍ തന്റെ ഭാഗം മികച്ചതാക്കിയിരിക്കുന്നു. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ അനീഷും ബിബിനും തങ്ങളുടെ ആദ്യ ചുവട് തന്നെ ദൃഢതയോടെ തന്നെ എന്ന് സമാധിനിക്കാം.
Read more
“ന്യൂ ജനറേഷന് ആയാലും ഓള്‍ഡ് ജനറേഷന് ആയാലും, ബോസ് ഹീറോയാടാ” എന്ന ചിത്രത്തിലെ ഡയലോഗ് പോലെ ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന ചിത്രമാണ് ഷൈലോക്ക്. ആരാധകര്‍ക്ക് ആവേശം കൊള്ളാന്‍ രംഗങ്ങള്‍ ഏറെ. തകര്‍പ്പന്‍ ആക്ഷനും ഡയലോഗുകളും ബിജിഎമ്മും മികച്ചൊരു ആക്ഷന്‍ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. അടിമുടി മമ്മൂട്ടി ഷോയാണ് ഷൈലോക്ക്. രാജാധിരാജയില്‍ നിന്നും മാസ്റ്റര്‍പീസില്‍ നിന്നും ഷൈലോക്കില്‍ എത്തി നില്ക്കുമ്പോള് അജയ് വാസുദേവ് എന്ന സംവ്ധായകനും ഒരുപാട് വളര്‍ന്നിരിക്കുന്നു. ഇനിയും മാസ് അത്ഭുതങ്ങള്‍ അജയില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ശങ്കയില്ലാതെ പ്രതീക്ഷിക്കാം.