വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് സംഗീതസംവിധായകന് എആര്‍ റഹ്മാന്. തന്നെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെയാണ് റഹ്മാന് രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് റഹ്മാന് പറയുന്നത്.
റഹ്മാന് വേണ്ടി നര്‍മദാ സമ്പത്ത് അസോസിയേറ്റ്സ് ആന്‍ഡ് അഡ്വക്കേറ്റ്സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്. റഹ്മാന് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് റഹ്മാന് വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളില്‍ അപകീര്‍ത്തികരമായ കണ്ടന്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
വിവാഹമോചനം പ്രഖ്യാപിച്ചതു മുതല്‍ ചില മാധ്യമങ്ങളും യൂട്യൂബര്‍മാരും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യമില്ല. റഹ്മാനെ അപകീര്‍ത്തിപ്പെടുത്താന്‍ സാങ്കല്‍പ്പികവും വ്യാജവുമായ കഥകള്‍ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
അടുത്ത ഒരു മണിക്കൂറിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 24 മണിക്കൂറിനുള്ളില്‍ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 356 പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, റഹ്മാന് വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ റഹ്മാന്റെ മ്യൂസിക് ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും വേര്‍പിരിഞ്ഞതായി അറിയിച്ചിരുന്നു. ഇതോടെ മോഹിനി ഡേയുടെ വിവാഹമോചനവും റഹ്മാന്റെ വിവാഹമോചനവും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ റഹ്മാന്റെ മക്കളും മോഹിനി ഡേയും പ്രതികരിച്ചിരുന്നു.