ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചാണ് പ്രണയിനി ആഷ്‌ന ഷ്രോഫിനെ അര്‍മാന്‍ ജീവിതസഖിയാക്കിയത്. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അര്‍മാന്‍ സൂചനകള്‍ നല്‍കിയിരുന്നില്ല. അതിനാല്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹവാര്‍ത്ത അത്ഭുതമായി.
വിവാഹത്തിന്റെ ചിത്രങ്ങള്‍ അര്‍മാനും ആഷ്നയും പങ്കുവച്ചിട്ടുണ്ട്. നീയാണെന്റെ വീട് എന്ന ക്യാപ്ഷനോടെയാണ് അര്‍മാന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റില്‍ അര്‍മാന്റെയും ആഷ്നയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
View this post on Instagram
ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഷെയര്‍ ചെയ്യാറുണ്ട്. വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച അര്‍മാന്‍ മാലിക് എഡ് ഷീറനോടൊപ്പം കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന. 2023ല്‍ കോസ്മോപോളിറ്റന്‍ ലക്ഷ്വറി ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായി ആഷ്ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.