സനാതന ധര്‍മ്മം അശ്ലീലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവഗിരിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
വിലകുറഞ്ഞ ജല്പനമാണ് നടത്തിയതെന്നും തിരുത്തപ്പെടേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണിത്. അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം. മുസ്ലിം ദേവാലയങ്ങള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറയാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച കെ സുരേന്ദ്രന്‍ അവിടെ ഒരു ചോദ്യമുന്നയിക്കാന്‍ പോലും ഉള്ള ആര്‍ജ്ജവം പിണറായി വിജയന് ഇല്ലെന്നും പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചനയും കെ സുരേന്ദ്രന്‍ നല്‍കി. എല്ലാക്കാലവും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.