തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ച് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. സുഹൃത്തുക്കള്‍ക്കൊപ്പം കലിഫോര്‍ണിയയിലെ ഒരു കോഫി ഷോപ്പിലേക്കു പോകും വഴി ഫോട്ടോ പകര്‍ത്താന്‍ നിന്ന പാപ്പരാസികളോടാണ് ഗായകന്‍ ദേഷ്യത്തോടെ പ്രതികരിച്ചത്. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
‘ഗുഡ് മോണിങ്’ എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്ത ഒരാളോട്, തനിക്കിത് തികച്ചും മോശമായ സുപ്രഭാതമാണെന്നും നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ബീബര്‍ ദേഷ്യത്തോടെ പ്രതികരിച്ചു. പാപ്പരാസികള്‍ക്ക് മുന്നില്‍ ബീബര്‍ കൈ വച്ച് മുഖം മറച്ചാണ് എത്തിയത്.
”നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്. പണം, പണം, പണം. അതിനപ്പുറം നിങ്ങള്‍ക്ക് യാതൊന്നും വേണ്ട. മനുഷ്യത്വം എന്നൊരു വലിയ കാര്യമുണ്ട്. ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു ചിന്തയുമില്ല. കടക്ക് പുറത്ത്” എന്നാണ് ജസ്റ്റിന്‍ ബീബര്‍ ദേഷ്യത്തോടെ പാപ്പരാസികളോട് പറഞ്ഞത്.
recent video shows Justin Bieber crashing out on paparazzi pic.twitter.com/Q3BJ4ny1kd
— kira 👾 (@kirawontmiss) April 9, 2025
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഗായകനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സെലിബ്രിറ്റീസിനും സ്വകാര്യത ആവശ്യമാണെന്നും അനുവാദം കൂടാതെ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിച്ചു. എന്നാല്‍, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ബീബര്‍ പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.